Skip to content

എറിഞ്ഞുവീഴ്ത്തി റബാഡ. വിൻഡീസിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. 247 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 159 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

15 ഓവറിൽ 50 റൺസ് വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തിയ റബാഡയാണ് വെസ്റ്റിൻഡീസിനെ തകർത്തത്. 93 പന്തിൽ 79 റൺസ് നേടിയ ജെർമെയ്ൻ ബ്ലാക്ക്വുഡ് മാത്രമാണ് വിൻഡീസ് നിരയിൽ മികവ് പുലർത്തിയത്. മറ്റുള്ളവർ ആർക്കും തന്നെ സൗത്താഫ്രിക്കൻ ബൗളർമാർക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

നേരത്തെ 130 റൺസിൻ്റെ ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 116 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 47 റൺസ് നേടിയ ഐയ്ഡൻ മാർക്രം മാത്രമായിരുന്നു സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്. 5 വിക്കറ്റ് വീഴ്ത്തിയ കേമർ റോച്ചായിരുന്നു സൗത്താഫ്രിക്കയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്സ് സ്കോറായ 342 റൺസിന് മറുപടിയുമായി ഇറങ്ങിയ വിൻഡീസിന് 212 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചിരുന്നത്.

മത്സരത്തിലെ വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ന് മുൻപിലെത്തി. മാർച്ച് എട്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.