തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ ഓസ്ട്രേലിയ 197 റൺസിന് പുറത്ത്

ബോർഡർ ഗവാസ്കർ ട്രോഫി ഇൻഡോർ ടെസ്റ്റിൽ തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ. ആദ്യ ദിനം ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോൾ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ ഗംഭീര തിരിച്ചുവരവാണ് ഓസ്ട്രേലിയ നടത്തിയത്.

രണ്ടാം ദിനം 156 ന് നാല് എന്ന മികച്ച നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് രണ്ടാം ദിനത്തിൽ 43 റൺസ് എടുക്കുന്നതിനിടെ ശേഷിച്ച 6 വിക്കറ്റും നഷ്ടമായി. 88 റൺസിൻ്റെ ലീഡാണ് ഓസ്ട്രേലിയ സ്വന്തമാക്കിയിരിക്കുന്നത്. 60 റൺസ് നേടിയ ഓപ്പണർ ഉസ്മാൻ ഖവാജയാണ് ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ലാബുഷെയ്ൻ 31 റൺസും സ്റ്റീവ് സ്മിത്ത് 26 റൺസും കാമറോൺ ഗ്രീൻ 21 റൺസും നേടി.

ആദ്യ ദിനത്തിൽ രവീന്ദ്ര ജഡേജയാണ് തിളങ്ങിയതെങ്കിൽ രണ്ടാം ഇന്നിങ്സിൽ ഉമേഷ് യാദവാണ് ഓസ്ട്രേലിയയെ തകർത്തത്. 5 ഓവറിൽ മൂന്ന് വിക്കറ്റുകൾ ഉമേഷ് യാദവ് വീഴ്ത്തി. ജഡേജ നാല് വിക്കറ്റ് നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റുകൾ നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 109 റൺസ് നേടി പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ മികച്ച സ്കോർ നേടി വമ്പൻ വിജയലക്ഷ്യം ഓസ്ട്രേലിയക്ക് മുൻപിൽ ഉയർത്തുവാനായിരിക്കും ഇന്ത്യയുടെ ശ്രമം.