Skip to content

സെഞ്ചുറി നേടി രക്ഷകനായി ഡേവിഡ് മലാൻ, ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റിൻ്റെ വിജയം. മറ്റുള്ളവർ നിറംമങ്ങിയ മത്സരത്തിൽ സെഞ്ചുറി നേടിയ ഡേവിഡ് മലാൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 48.4 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഒരു ഘട്ടത്തിൽ 65 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടപെട്ടിരുന്നു. മറ്റുള്ളവർ നിരാശപെടുത്തിയപ്പോൾ 145 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പടെ പുറത്താകാതെ 114 റൺസ് നേടിയ ഡേവിഡ് മലാനാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 47.2 ഓവറിൽ 209 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 58 റൺസ് നേടിയ ഹോസൈൻ ഷാൻ്റോയും 31 റൺസ് നേടിയ മഹ്മദുള്ളയും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ, മാർക്ക് വുഡ്, മൊയീൻ അലി, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുൻപിലെത്തി. മാർച്ച് മൂന്ന് വെള്ളിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.