Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്. ജെയിംസ് ആൻഡേഴ്സണെ പിന്നിലാക്കി ഇന്ത്യൻ താരം

ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ജെയിംസ് ആൻഡേഴ്സണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് പുറകെയാണ് ആൻഡേഴ്സണ് ഒന്നാം സ്ഥാനത്തെത്തിയത്.

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഏഴ് വിക്കറ്റുകൾ നേടിയാണ് ആൻഡേഴ്സൺ പാറ്റ് കമ്മിൻസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ ഇന്നലെ സമാപിച്ച രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ ആൻഡേഴ്സണ് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് ഒന്നും നേടുവാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് താരത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്.

2017 ന് ശേഷം ഇതാദ്യമായാണ് രവിചന്ദ്രൻ അശ്വിൻ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് അശ്വിൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നും ഇതിനോടകം 14 വിക്കറ്റ് അശ്വിൻ നേടിയിട്ടുണ്ട്. 864 പോയിൻ്റാണ് നിലവിൽ അശ്വിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആൻഡേഴ്സണ് 859 റേറ്റിങ് പോയിൻ്റും പാറ്റ് കമ്മിൻസിന് 859 പോയിൻ്റുമാണ് ഉള്ളത്.

ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസൺ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തും ഷഹീൻ അഫ്രീദി അഞ്ചാം സ്ഥാനത്തുമെത്തി. പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന ജഡേജ റാങ്കിങിൽ എട്ടാം സ്ഥാനത്തെത്തി.