വുമൺസ് പ്രീമിയർ ലീഗിലെ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമായ ഗുജറാത്ത് ജയൻ്റ്സ്. ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് വിജയം നേടികൊടുത്ത ഓപ്പണർ ബെത് മൂണിയെയാണ് ഗുജറാത്ത് ക്യാപ്റ്റനാക്കിയിരിക്കുന്നത്. ഇന്ത്യൻ താരം സ്നേ റാണയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.
കഴിഞ്ഞ ദിവസം നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ 53 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ ബെത് മൂണിയുടെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഫൈനലിൽ പ്ലേയർ ഓഫ് ദി മാച്ചും താരം സ്വന്തമാക്കി. കഴിഞ്ഞ ടി20 ലോകകപ്പിൽ പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് കൂടിയായിരുന്നു ബെത് മൂണി. ഈ ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെൻ്റായ ആഷ് ഗാർഡ്നറും ഗുജറാത്ത് ജയൻ്റ്സ് ടീമിലുണ്ട്.
പ്രഥമ വുമൺസ് പ്രീമിയർ ലീഗിലെ രണ്ടാമത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയാണ് മൂണി. നേരത്തെ യു പി വാരിയേഴ്സ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലിയെ ക്യാപ്റ്റനായി നിയമിച്ചിരുന്നു. മുംബൈ ഇന്ത്യൻസിനെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സ്മൃതി മന്ദാനയും നയിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓസ്ട്രേലിയയെ അഞ്ച് തവണ കിരീടനേട്ടത്തിലെത്തിച്ച മെഗ് ലാന്നിംഗ് തന്നെയാണ് ഡൽഹി ക്യാപ്റ്റനാകുവാൻ മുൻനിരയിലുള്ളത്. യുവതാരങ്ങളെ ക്യാപ്റ്റന്മാരാക്കി പാരമ്പര്യമുള്ള ഒരുപക്ഷെ ഷഫാലി വർമ്മയ്ക്കോ ജെമിമ റോഡ്രിഗസിനോ അവസരം നൽകാനുള്ള സാധ്യതയും തള്ളികളയാൻ സാധിക്കില്ല.