Skip to content

ചരിത്ര നേട്ടത്തിൽ റിക്കി പോണ്ടിങിനെ പിന്നിലാക്കി മെഗ് ലാന്നിങ്

ഐസിസി ടി20 ലോകകപ്പ് ഫൈനലിൽ സൗത്താഫ്രിക്കയെ തകർത്തുകൊണ്ട് വീണ്ടും ചാമ്പ്യന്മാരായിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് ആറാം തവണയാണ് ഐസിസി ടി20 ലോകകപ്പ് കിരീടം ഓസ്ട്രേലിയൻ വനിതകൾ നേടുന്നത്. വീണ്ടും ഓസ്ട്രേലിയക്ക് കിരീടം നേടികൊടുത്തതോടെ ചരിത്രറെക്കോർഡ് കുറിച്ചിരിക്കുകയാണ് ക്യാപ്റ്റൻ മെഗ് ലാന്നിങ്.

ക്യാപ്റ്റനായുള്ള ലാന്നിങിൻ്റെ അഞ്ചാം ഐസിസി കിരീടമാണിത്. ഇതോടെ ഏറ്റവും കൂടുതൽ തവണ ഐസിസി കിരീടം നേടുന്ന ക്യാപ്റ്റനെന്ന ചരിത്ര റെക്കോർഡിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെ ലാന്നിങ് പിന്നിലാക്കി. ഈ ടി20 ലോകകപ്പ് കിരീടം അടക്കം നാല് ടി20 ലോകകപ്പ് കിരീടവും കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് കിരീടവും ഓസ്ട്രേലിയയ്ക്ക് ലാന്നിങ് നേടികൊടുത്തിട്ടുണ്ട്.

2003, 2007 എന്നീ വർഷങ്ങളിലെ ഏകദിന ലോകകപ്പ് കിരീടവും 2006, 2009 എന്നീ വർഷങ്ങളിലെ ചാമ്പ്യൻസ് ട്രോഫിയുമാണ് ക്യാപ്റ്റനായി റിക്കി പോണ്ടിങ് നേടിയിട്ടുള്ളത്. 2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നീ ഐസിസി കിരീടങ്ങൾ നേടിയിട്ടുള്ള എം എസ് ധോണിയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.

ഓസ്ട്രേലിയൻ ടീമിൻ്റെ ഹാട്രിക്ക് ടി20 ലോകകപ്പ് കിരീടം കൂടിയാണിത്. ഇത് രണ്ടാം തവണയാണ് ഹാട്രിക്ക് ടി20 കിരീടം ഓസ്ട്രേലിയ നേടുന്നത്. ഇതിന് മുൻപ് 2010, 2012, 2014 എന്നീ വർഷങ്ങളിലെ ടി20 ലോകകപ്പുകൾ ഓസ്ട്രേലിയ നേടിയിരുന്നു. പിന്നീട് 2016 ൽ വെസ്റ്റിൻഡീസായിരുന്നു ഓസ്ട്രേലിയയുടെ ഈ തുടർച്ച അവസാനിപ്പിച്ചത്.