വീണ്ടും ഓസ്ട്രേലിയ !! സൗത്താഫ്രിക്കയെ തകർത്ത് ആറാം കിരീടം ചൂടി ഓസ്ട്രേലിയ

ഫൈനൽ പോരാട്ടത്തിൽ സൗത്താഫ്രിക്കയെ തകർത്ത് ഐസിസി ടി20 ലോകകപ്പ് ചാമ്പ്യന്മാരായി ഓസ്ട്രേലിയ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ 19 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഓസ്ട്രേലിയയുടെ ആറാം കിരീടവും തുടർച്ചയായ മൂന്നാം കിരീടവും കൂടിയാണിത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 48 പന്തിൽ 5 ഫോറും 3 സിക്സുമടക്കം 61 റൺസ് നേടിയ ലോറ വോൾവാർട് മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ തിളങ്ങിയത്.

ഓസ്ട്രേലിയൻ വനിതകളുടെ പതിമൂന്നാം ഐസിസി ട്രോഫി കൂടിയാണിത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 53 പന്തിൽ 9 ഫോറും ഒരു സിക്സും അടക്കം 74 റൺസ് നേടിയ ബെത് മൂണിയുടെ മികവിലാണ് മികച്ച സ്കോർ കുറിച്ചത്. ആഷ് ഗാർഡ്നർ 21 പന്തിൽ 2 ഫോറും 2 സിക്സും ഉൾപ്പടെ 29 റൺസ് നേടി.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി സീനിയർ താരം ഷബ്നിം ഇസ്മെയ്ൽ, മരിസാൻ കപ്പ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.