ഡബിൾ സെഞ്ചുറിക്കരികെ ഹാരി ബ്രൂക്ക്. സെഞ്ചുറിയുമായി റൂട്ട്. രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇംഗ്ലണ്ട്

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോറിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് ഇംഗ്ലണ്ട് നേടിയിട്ടുണ്ട്.

169 പന്തിൽ 24 ഫോറും 5 സിക്സും ഉൾപ്പടെ 184 റൺസ് നേടിയ ഹാരി ബ്രൂക്ക്, 182 പന്തിൽ 101 റൺസ് നേടിയ ജോ റൂട്ട് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്. 21 റൺസ് എടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിൽ തിരിച്ചെത്തിയത്. 294 റൺസ് നാലാം വിക്കറ്റിൽ ഇരുവരും ഇതിനോടകം കൂട്ടിച്ചേർത്തിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ നാലാം സെഞ്ചുറിയാണ് മത്സരത്തിൽ ഹാരി ബ്രൂക്ക് നേടിയത്. മറുഭാഗത്ത് ടെസ്റ്റിലെ തൻ്റെ 29 ആം സെഞ്ചുറിയാണ് ജോ റൂട്ട് നേടിയത്. ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി രണ്ട് വിക്കറ്റും ടിം സൗത്തീ ഒരു വിക്കറ്റും നേടി.

നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 267 റൺസിൻ്റെ വമ്പൻ വിജയം കുറിച്ചിരുന്നു. രണ്ട് ഇന്നിങ്സിലും ഫിഫ്റ്റി നേടിയ ഹാരി ബ്രൂക്ക് തന്നെയാണ് കഴിഞ്ഞ മത്സരത്തിലും ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.