Skip to content

തോൽവിയിലേക്ക് നയിച്ചത് ഹർമൻപ്രീത് കൗറിൻ്റെ നിർഭാഗ്യ റണ്ണൗട്ട് . വീഡിയോ കാണാം

ഒരിക്കൽ കൂടെ ഹൃദയം തകർത്തുകൊണ്ട് ലോകകപ്പിൽ നിന്നും പുറത്തായിരിക്കുകയാണ് ഇന്ത്യ. ഐസിസി ടി20 ലോകകപ്പിലെ സെമിഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയയോട് 5 റൺസിന് പരാജയപെട്ടതോടെയാണ് ഇന്ത്യ ടൂർണമെൻ്റിൽ നിന്നും പുറത്തായത്.

തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് മത്സരത്തിൽ ശക്തമായി തിരിച്ചെത്തികൊണ്ട് ഇന്ത്യ ഓസ്ട്രേലിയയെ വിറപ്പിച്ചിരുന്നു. 28 റൺസ് എടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റും നഷ്ടപെട്ടുവെങ്കിലും പിന്നീട് നാലാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് ജെമിമയും ക്യാപ്റ്റൻ ഹെർമൻപ്രീത് കൗറും ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചിരുന്നു. ജെമിമ 24 പന്തിൽ 43 റൺസ് നേടി പുറത്തായെങ്കിലും ഫിഫ്റ്റി നേടി കൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ പോരാട്ടം തുടർന്നു.

എന്നാൽ പതിനഞ്ചാം ഓവറിൽ നിർഭാഗ്യം റണ്ണൗട്ടിൻ്റെ രൂപത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. വെയർഹാം എറിഞ്ഞ ഓവറിലെ നാലാം പന്ത് ഇന്ത്യൻ ക്യാപ്റ്റൻ ബൗണ്ടറിയിലേക്ക് പായിക്കുകയും എന്നാൽ മികച്ച ഫീൽഡിങിലൂടെ ആഷ് ഗാർഡ്നർ പന്ത് തടുത്തിടുകയും ചെയ്തു. അനായാസം ഡബിൾ നേടാമായിരുന്നുവെങ്കിലും സ്ട്രൈക്കർ എൻഡിൽ രണ്ടാം റൺ പൂർത്തിയാക്കുവാൻ ബാറ്റ് കുത്തുന്നതിനിടെ ബാറ്റ് പിച്ചിൽ താഴ്ന്ന് പോവുകയും കൗർ കാല് നീട്ടിവെച്ചുകൊണ്ട് ക്രീസിൽ കുത്തുകയും ചെയ്തു.

എന്നാൽ അവസരം മുതലാക്കിയ വിക്കറ്റ് കീപ്പർ അലിസ ഹീലി അതിന് മുൻപേ ഇന്ത്യൻ ക്യാപ്റ്റനെ റണ്ണൗട്ടാക്കുകയും ചെയ്തു.