Skip to content

വേട്ടയാടി നിർഭാഗ്യം. സെമിഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ആവേശപോരാട്ടത്തിൽ അവസാന നിമിഷം വരെ പോരാടിയാണ് ഇന്ത്യ മത്സരത്തിൽ പരാജയപെട്ടത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 173 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടുവാനെ സധിച്ചുള്ളൂ.

തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. 28 റൺസ് എടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ഷഫാലി വർമ്മ 9 റൺസും സ്മൃതി മന്ദാന 2 റൺസും യാസ്തിക ഭാട്ടിയ 4 റൺസും നേടി പുറത്തായി. പിന്നീട് ക്രീസിലെത്തിയ ജെമിമ റോഡ്രിഗസിൻ്റെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും മികവിലാണ് ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തിയത്. ജെമിമ 24 പന്തിൽ 43 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 34 പന്തിൽ 6 ഫോറും ഒരു സിക്സും ഉൾപ്പടെ 52 റൺസ് നേടി. എന്നാൽ ഇരുവരും പുറത്തായതോടെ ഓസ്ട്രേലിയ മത്സരത്തിൽ ശക്തമായി തിരിച്ചെത്തുകയും മത്സരം കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

ഇത് ഏഴാം തവണയാണ് ഓസ്ട്രേലിയ ടി20 ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 37 പന്തിൽ 54 റൺസ് നേടിയ ബെത് മൂണി, 34 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 49 റൺസ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിങ്, 18 പന്തിൽ 31 റൺസ് നേടിയ ഗാർഡ്നർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ശിഖ പാണ്ഡെ നാലോവറിൽ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റും ദീപ്തി ശർമ്മ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.