Skip to content

പന്തിന് പകരക്കാരൻ. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

ഐ പി എല്ലിൽ ഇക്കുറി ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ നയിക്കും. റിഷഭ് പന്തിന് ഈ സീസണിൽ കളിക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ ക്യാപ്റ്റനായി ഡേവിഡ് വാർണറെ ഡൽഹി നിയമിച്ചിരിക്കുന്നത്.

ഇതിന് മുൻപ് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റനായിരുന്ന വാർണർ 2016 ൽ ടീമിനെ ചാമ്പ്യന്മാരാക്കിയിരുന്നു. കഴിഞ്ഞ സീസണിന് മുൻപായി നടന്ന മെഗാ താരലേലത്തിലാണ് ഡേവിഡ് വാർണർ തൻ്റെ ആദ്യ ടീമായ ഡൽഹിയിലേക്ക് തന്നെ തിരിച്ചെത്തിയത്. ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേലാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

നിലവിൽ വിവാദത്തിൽ പെട്ടിരിക്കുന്ന ഓപ്പണർ പ്രിഥ്വി ഷായെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻസിയിലേക്ക് പരിഗണിച്ചില്ല. കഴിഞ്ഞ സീസണിൽ ഏഴ് വിജയം മാത്രം നേടി അഞ്ചാം സ്ഥാനക്കാരായാണ് ഡൽഹി ക്യാപിറ്റൽസ് ഫിനിഷ് ചെയ്തത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കിടെ പരിക്കേറ്റ ഡേവിഡ് വാർണർ ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് തിരിച്ചിരുന്നു. എന്നാൽ മാർച്ച് 17 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി താരം ഇന്ത്യയിൽ തിരിച്ചെത്തും. ഏകദിന പരമ്പരയ്ക്ക് ശേഷമായിരിക്കും ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ഡേവിഡ് വാർണർ ചേരുക. റിഷഭ് പന്തിൻ്റെ അഭാവത്തിൽ വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ട വെല്ലുവിളി ഇപ്പൊഴും ടീമിന് മുൻപിലുണ്ട്. സർഫറാസ് ഖാൻ, ഫിലിപ്പ് സാൾട്ട് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പക്ഷേ ഇവരൊന്നും സ്പെഷ്യാലിസ്റ്റ് വിക്കറ്റ് കീപ്പർമാരല്ലെന്നതാണ് ടീമിന് മുൻപിലുള്ള വെല്ലുവിളി.