Skip to content

നാൽപ്പതാം വയസ്സിൽ ഒന്നാം സ്ഥാനം. ചരിത്രനേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ

ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിൻ്റെ മേധാവിത്വം അവസാനിപ്പിച്ചുകൊണ്ട് ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. 1466 ദിവസം നീണ്ട കമ്മിൻസിൻ്റെ മേധാവിത്വം നാൽപ്പതുക്കാരനായ ആൻഡേഴ്സൺ അവസാനിപ്പിച്ചത്.

ഇന്ത്യയ്ക്കെതിരെ കമ്മിൻസ് വിയർത്തപ്പോൾ ന്യൂസിലൻഡിനെതിരെ പുലർത്തിയ മികവാണ് ആൻഡേഴ്സണെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമേറിയ ഫാസ്റ്റ് ബൗളറാണ് ആൻഡേഴ്സൺ. അശ്വിനെയും കമ്മിൻസിനെയും പിന്തള്ളികൊണ്ടാണ് ആൻഡേഴ്സൺ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയക്കെതിരെ 6 വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം സ്ഥാനത്ത് തുടർന്നപ്പോൾ പാറ്റ് കമ്മിൻസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റ് ആൻഡേഴ്സൺ നേടിയിരുന്നു. മത്സരത്തിൽ സഹതാരം ബ്രോഡ് 6 വിക്കറ്റും നേടിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരുമിച്ച് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളിങ് ജോഡികളായി ഇരുവരും മാറി. 1001 വിക്കറ്റുകൾ നേടിയിട്ടുള്ള ഷെയ്ൻ വോൺ – ഗ്ലെൻ മഗ്രാത്ത് കൂട്ടുകെട്ടിനെയാണ് ഇരുവരും പിന്നിലാക്കിയത്.