വുമൺസ് പ്രീമിയർ ലീഗിലെ തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് യു പി വാരിയേഴ്സ്. ഇന്ത്യൻ ഓൾ റൗണ്ടർ ദീപ്തി ശർമ്മയാകും ക്യാപ്റ്റനെന്ന് ഏവരും പ്രതീക്ഷിച്ചുവെങ്കിലും ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലിയെയാണ് യു പി വാരിയേഴ്സ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് അലിസ ഹീലി. മെഗ് ലാന്നിങിൻ്റെ അഭാവത്തിൽ ഓസ്ട്രേലിയയെ ചില മത്സരങ്ങളിൽ താരം നയിച്ചിരുന്നു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും പരിചയസമ്പന്നനായ താരങ്ങളിൽ ഒരാളാണ് അലിസ ഹീലി. 139 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 14 ഫിഫ്റ്റിയും ഒരു സെഞ്ചുറിയും അടക്കം 2500 നടുത്ത് റൺസ് ഓസ്ട്രേലിയക്കായി നേടിയിട്ടുണ്ട്. ലേലത്തിൽ 70 ലക്ഷത്തിനാണ് ഹീലിയെ യു പി വാരിയേഴ്സ് സ്വന്തമാക്കിയത്.
അലിസ ഹീലി, ദീപ്തി ശർമ്മ എന്നിവർക്ക് പുറമെ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ദീപ്തി ശർമ്മ, നമ്പർ വൺ ടി20 ബൗളർ സോഫി എക്ലെസ്റ്റോൺ അടക്കം മികച്ച താരനിര യു പി വാരിയേഴ്സിനുണ്ട്. എന്നാൽ താരത്തെ അവഗണിച്ച് അലിസ ഹീലിയെ ക്യാപ്റ്റനാക്കിയതിൽ ചില ആരാധകരും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ലീഗിൽ കൂടുതലും വിദേശ ക്യാപ്റ്റന്മാരാകാനുള്ള സാധ്യത തള്ളികളയാനാകില്ല. മുംബൈ ഇന്ത്യൻസിനെ ഹർമൻപ്രീത് കൗറും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സ്മൃതി മന്ദാനയുമായിരിക്കും നയിക്കുക. ഡൽഹി ക്യാപിറ്റൽസിൽ രണ്ട് താരങ്ങൾക്കാണ് ക്യാപ്റ്റൻസി സാദ്ധ്യതയുള്ളത്. ഒന്ന് ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റനായിരുന്ന ഷഫാലി വർമ്മയും മറ്റൊന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം മെഗ് ലാന്നിങും മറുഭാഗത്ത് ഗുജറാത്ത് ജയൻ്റ്സ് ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ആഷ് ഗാർഡ്നറെയായിരിക്കും ക്യാപ്റ്റനായി നിയമിക്കുക.