Skip to content

പാറ്റ് കമ്മിൻസിൻ്റെ ഒന്നാം സ്ഥാനം തെറിച്ചു. ഇനി തലപ്പത്ത് പുതിയ താരം

ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് ഒന്നാം സ്ഥാനം നഷ്ടമായി. ദീർഘ നാൾ റാങ്കിങിൽ മേധാവിത്വം പുലർത്തിയ കമ്മിൻസ് ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തോടെയാണ് ഒന്നാം സ്ഥാനത്തുനിന്നും പിന്തള്ളപെട്ടത്.

ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആൻഡേഴ്സനാണ് റാങ്കിങിലെ പുതിയ ഒന്നാം സ്ഥാനക്കാരൻ. അശ്വിനെ പിന്തള്ളികൊണ്ടാണ് ആൻഡേഴ്സൺ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയക്കെതിരായ മികച്ച പ്രകടനം തുടർന്ന അശ്വിൻ രണ്ടാം സ്ഥാനത്ത് തന്നെ തുടർന്നപ്പോൾ കമ്മിൻസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടു.

ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി അശ്വിൻ 6 വിക്കറ്റ് നേടിയിരുന്നു. എന്നാൽ അതേ സമയം ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ മൂന്നും രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റും ആൻഡേഴ്സൺ വീഴ്ത്തിയതോടെയാണ് ഇംഗ്ലണ്ട് പേസർ ഒന്നാം സ്ഥാനം കയ്യടക്കിയത്. 866 റേറ്റിങ് പോയിൻ്റാണ് ഒന്നാം സ്ഥാനത്തുള്ള ആൻഡേഴ്സനുള്ളത്. 864 പോയിൻ്റുമായി അശ്വിൻ തൊട്ടുപിന്നിൽ തന്നെയുണ്ട്. മൂന്നാം സ്ഥാനത്തുള്ള കമ്മിൻസിന് 858 പോയിൻ്റാണ് ഉള്ളത്.

ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നുമായി 17 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തികൊണ്ട് ഒമ്പതാം സ്ഥാനത്തെത്തി. ഇതോടെ ആദ്യ പത്തിലുള്ള ഇന്ത്യൻ ബൗളർമാരുടെ എണ്ണം മൂന്നായിമാറി. അശ്വിനും ജഡേജയ്ക്കും പുറമെ ജസ്പ്രീത് ബുംറ റാങ്കിങിൽ അഞ്ചാം സ്ഥാനത്തുണ്ട്.