ഇന്ത്യൻ താരം കെ എൽ രാഹുലിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ആരാധകർക്കൊപ്പം മുൻ താരം വെങ്കടേഷ് പ്രസാദ് അടക്കമുള്ളവർ കെ എൽ രാഹുലിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലയെന്നും ഏതൊരു കളിക്കാരനും കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെയാണ് കെ എൽ രാഹുലും കടന്നുപോകുന്നതെന്നും ഹർഭജൻ സിങ് പറഞ്ഞു.
ഡൽഹി ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 17 റൺസും രണ്ടാം ഇന്നിങ്സിൽ വെറും ഒരു റൺസും നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. കഴിഞ്ഞ കാലയളവിൽ ഒരു ഫോർമാറ്റിൽ പോലും മികവ് പുലർത്താൻ കെ എൽ രാഹുലിന് സാധിച്ചിരുന്നില്ല. താരം മോശം ഫോം തുടരുമ്പോഴും തുടർച്ചയായ അവസരങ്ങൾ ബിസിസിഐ നൽകുകയും ചെയ്യുന്നുണ്ട്.
ഇതുപോലെ പിൻതുണ മായങ്ക് അഗർവാൾ, സർഫറാസ് പോലുള്ള താരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ഒരുപാട് കഴിവും മികച്ച ഫോമിലുമുള്ള താരങ്ങൾ ഇത് മൂലം പുറത്തിരിക്കുകയാണെന്നായിരുന്നു വെങ്കടേഷ് പ്രസാദിൻ്റെ വിമർശനം.
” കെ എൽ രാഹുലിനെ വെറുതെ വിടൂ. അവൻ ഒരു കുറ്റവും ചെയ്തിട്ടില്ല. അവൻ ഇപ്പോഴും മികച്ച പ്ലേയർ തന്നെയാണ്. അവൻ ശക്തമായി തിരിച്ചെത്തും. അന്താരാഷ്ട്ര ക്രിക്കറ്റിൽ നമ്മൾ എല്ലാവരും ഈ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. അവൻ ആദ്യത്തെ ആളല്ല, അവസാനത്തെയുമല്ല. അവൻ നമ്മുടെ കളിക്കാരനാണെന്ന വസ്തുതയെ ബഹുമാനിക്കൂ. ” ഹർഭജൻ സിങ് പറഞ്ഞു.