Skip to content

ഇതവൻ്റെ ടീമാണ്. ഇന്ത്യയുടെ മേധാവിത്വത്തിൻ്റെ ക്രെഡിറ്റ് കോഹ്ലിയ്ക്ക് നൽകി ഗംഭീർ

ഡൽഹി ടെസ്റ്റിലും ഓസ്ട്രേലിയയെ തകർത്തുകൊണ്ട് ഹോമിൽ തങ്ങൾ അജയ്യരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യ. ഡൽഹി ടെസ്റ്റിലെ വിജയത്തോടെ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യ നിലനിർത്തുകയും ചെയ്തിരുന്നു. മികച്ച രീതിയിലായിരുന്നു ആദ്യ രണ്ട് മത്സരങ്ങളിലും ഹിറ്റ്മാൻ ഇന്ത്യയെ നയിച്ചത്. എന്നാൽ ഇന്ത്യയുടെ ഈ മികവിൻ്റെ ക്രെഡിറ്റ് അർഹിക്കുന്നത് മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗംഭീർ.

ഈ ടീമിനെ വാർത്തെടുത്തത് വിരാട് കോഹ്ലിയാണെന്നും കോഹ്ലി ഉണ്ടാക്കിയെടുത്ത മാതൃക പിന്തുടരുക മാത്രമാണ് രോഹിത് ശർമ്മ ചെയ്യുന്നതെന്നും ഇരുവരുടെയും ക്യാപ്റ്റൻസിയിൽ കാര്യമായ മാറ്റമില്ലയെന്നും ഗംഭീർ പറഞ്ഞു.

” രോഹിത് ശർമ്മ മികച്ച ക്യാപ്റ്റനെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും ക്യാപ്റ്റൻസി തമ്മിൽ വലിയ വ്യത്യാസമില്ല. പ്രത്യേകിച്ചും ഈ ഫോർമാറ്റിൽ. ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ നയിച്ചപ്പോഴെല്ലാം അസാധാരണ മികവ് വിരാട് കോഹ്ലി കാഴ്ച്ചവെച്ചിരുന്നു. രോഹിത് കോഹ്ലിയുടെ ടെംപ്ലേറ്റ് പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. “

” രോഹിത് ശർമ്മ സ്വന്തമായി ഒരു ടെംപ്ലേറ്റ് സൃഷ്ടിച്ചിട്ടില്ല. അശ്വിനെയും ജഡേജയെയും അവൻ കൈകാര്യം ചെയ്ത രീതി കോഹ്ലിയുടേതിന് സമാനമായിരുന്നു. ” ഗംഭീർ പറഞ്ഞു.

ഓസ്ട്രേലിയയിലേക്കും ഇംഗ്ലണ്ടിലേക്കും സൗത്താഫ്രിക്കയിലേക്കും പോകുമ്പോഴായിരിക്കും രോഹിത് ശർമ്മ യഥാർത്ഥ വെല്ലുവിളി നേരിടാൻ പോകുന്നതെന്നും കാരണം കോഹ്ലി വെല്ലുവിളി നേരിട്ടത് അവിടെയായിരുന്നുവെന്നും ഈ ടീമിനെ വാർത്തെടുത്തത് വിരാട് കോഹ്ലിയാണെന്നും ടെസ്റ്റിൽ ഇരുവരിൽ നിന്നും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുക്കാൻ കഴിയില്ലെന്നും ഗംഭീർ പറഞ്ഞു.