Skip to content

മുംബൈയ്ക്ക് വേണ്ടിയേ കളിക്കൂ. ഐ പി എല്ലിന് മുൻപുള്ള പരമ്പരയിലും കളിക്കാതെ ജസ്പ്രീത് ബുംറ

ക്രിക്കറ്റ് കളിക്കളത്തിലേക്കുള്ള ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് ഐ പി എല്ലിലൂടെ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന രണ്ട് മത്സരങ്ങളിലും അതിന് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലും ബുംറ കളിക്കില്ല. ഇതോടെ ഐ പി എല്ലിലൂടെ തന്നെ താരം തിരിച്ചുവരവ് അറിയിക്കുമെന്ന് ഉറപ്പായി.

ഐ പി എല്ലിന് ശേഷം ലോകകപ്പിന് മുൻപായി 6 ഏകദിന മത്സരങ്ങളും ഏഷ്യ കപ്പും മാത്രമാണ് ഇന്ത്യയ്ക്ക് തയ്യാറെടുപ്പിനായി ഉള്ളത്. ഓസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരമ്പര ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പിന് നിർണ്ണായകമായിരുന്നു. നിലവിൽ നാഷണൽ അക്കാദമിയിൽ കഴിയുന്ന ബുംറ നെറ്റ്സിൽ പന്തെറിയാൻ ആരംഭിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം പിൻവലിക്കുകയായിരുന്നു.

ഐ പി എല്ലിന് മുൻപായി നടക്കുന്ന പരമ്പരയിലും ബുംറ കളിക്കാത്തതിൻ്റെ കാരണം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ ബുംറ തിരിച്ചെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നുവെങ്കിലും അത് പ്രതീക്ഷയായി തന്നെ തുടരുകയും ചെയ്തു.

ബുംറ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തതിൻ്റെ അതൃപ്തി ഇപ്പോൾ തന്നെ ആരാധകരിലുണ്ട്. ബുംറയുടെ അഭാവത്തിലും മികച്ച പ്രകടനമാണ് ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യൻ ബൗളർമാർ പുറത്തെടുക്കുന്നത്. അതിന് പ്രധാന കാരണം മൊഹമ്മദ് സിറാജിൻ്റെ പ്രകടനം തന്നെയാണ്. ടെസ്റ്റിൽ മൊഹമ്മദ് ഷാമിയും ഗംഭീര പ്രകടനമാണ് ഇന്ത്യയ്ക്ക് വേണ്ടി പുറത്തെടുക്കുന്നത്. ഇവർക്കൊപ്പം ബുംറ കൂടെ തിരിച്ചെത്തിയാൽ പിന്നെ ഇന്ത്യയെ പിടിച്ചുകെട്ടുകയെന്നത് എതിരാളികൾക്ക് എളുപ്പമാവില്ല.