Skip to content

സി സി എൽ. ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിന് തോൽവി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിന് തോൽവി. തെലുഗു വാരിയേഴ്സിനെതിരായ മത്സരത്തിൽ 64 റൺസിനായിരുന്നു കേരളത്തിൻ്റെ തോൽവി.

രണ്ടാം ഇന്നിങ്സിൽ 170 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരള സ്ട്രൈക്കേഴ്സിന് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. കുഞ്ചാക്കോ ബോബൻ്റെ അഭാവത്തിൽ ഉണ്ണി മുകുന്ദനായിരുന്നൂ കേരളത്തെ നയിച്ചത്. ഉണ്ണി മുകുന്ദൻ 15 പന്തിൽ 23 റൺസ് നേടി പുറത്തായപ്പോൾ രാജീവ് പിള്ള 38 റൺസ് നേടി പുറത്തായി.

ക്യാപ്റ്റൻ അഖിൽ അക്കിനേനിയുടെ തകർപ്പൻ ബാറ്റിങാണ് തെലുഗു വാരിയേഴ്സിന് വിജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് വാരിയേഴ്‌സി അടിച്ചുകൂട്ടിയിരുന്നു. 30 പന്തിൽ 91 റൺസ് നേടിയ അഖിലാണ് വാരിയേഴ്സിന് വമ്പൻ സ്കോർ സമ്മനിച്ചത്. മറുപടിയായി കേരളത്തിന് ആദ്യ ഇന്നിങ്സിൽ പത്തോവറിൽ 98 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

പിന്നീട് രണ്ടാം ഇന്നിങ്സിൽ അഖിൽ അക്കിനേനി കേരളത്തിൻ്റെ വില്ലനായി അവതരിച്ചു. വെറും 19 പന്തിൽ 63 റൺസ് നേടിയ അഖിലിൻ്റെ മികവിൽ പത്തോവറിൽ 119 റൺസ് നേടിയ വാരിയേഴ്സ് കേരളത്തിന് മുൻപിൽ 170 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം ഉയർത്തുകയും ചെയ്തു. ഫെബ്രുവരി 26 നാണ് കേരളത്തിൻ്റെ അടുത്ത മത്സരം. കർണാടകയാണ് കേരളത്തിൻ്റെ എതിരാളികൾ.