അവനെ വീണ്ടും കളിപ്പിക്കും. കെ എൽ രാഹുലിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഡൽഹി ടെസ്റ്റിലും മോശം പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ആദ്യ ഇന്നിങ്സിൽ 17 റൺസ് നേടിയ രാഹുൽ രണ്ടാം ഇന്നിങ്സിൽ ഒരു റൺ മാത്രം നേടിയാണ് പുറത്തായത്. തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് പുറകെ നിരവധി വിമർശനങ്ങളാണ് താരം നേരിട്ടുകൊണ്ടിരിക്കുന്നത്.

എന്നാൽ ഇതിനിടയിലും കെ എൽ രാഹുലിന് ഉറച്ച പിന്തുണ നൽകുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ് കെ എൽ രാഹുലെന്നും സൗത്താഫ്രിക്കയിലും ഇംഗ്ലണ്ടിലും അടക്കം കെ എൽ രാഹുൽ സെഞ്ചുറി നേടിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ അവനെ പിന്തുണയ്‌ക്കുന്നത് തുടരുമെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ഈ സാഹചര്യങ്ങളിലൂടെ എല്ലാവരും കടന്നുപോയിട്ടുണ്ടെന്നും ഇത് മറികടക്കാനുള്ള ക്ലാസും കഴിവും കെ എൽ രാഹുലിന് ഉണ്ടെന്നും രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.

2020 ന് ശേഷം ടെസ്റ്റിൽ 6 മത്സരങ്ങളിൽ നിന്നും 15.90 ശരാശരിയിൽ 175 റൺസ് നേടുവാൻ മാത്രമാണ് കെ എൽ രാഹുലിന് സാധിച്ചിട്ടുള്ളത്. 2017 ന് ശേഷം ടോപ്പ് ഓർഡറിൽ ഇന്ത്യയ്ക്കായി 47 ഇന്നിങ്സുകൾ കളിച്ചിട്ടുള്ള കെ എൽ രാഹുൽ 26.15 ശരാശരിയിൽ 1203 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ഇന്ത്യൻ ടോപ്പ് ഓർഡറിൽ ഇത്രയും കുറഞ്ഞ ശരാശരിയിൽ മറ്റൊരാളും ഇത്രയധികം മത്സരങ്ങൾ കളിച്ചിട്ടില്ലയെന്നതാണ് സത്യം.