Skip to content

കയ്യടിക്കെടാ. ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയയെ തകർത്ത് തകർപ്പൻ വിജയം നേടി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ഡൽഹി ടെസ്റ്റിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. ആദ്യ രണ്ട് ദിനം ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയപ്പോൾ മൂന്നാം ദിനത്തിൽ ഓസ്ട്രേലിയയെ നിലംപരിശാക്കിക്കൊണ്ടാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. രണ്ടാം ഇന്നിങ്സിലെ 115 റൺസിൻ്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി ചേതേശ്വർ പുജാര 31 റൺസും കെ എസ് ഭരത് 23 റൺസും നേടി പുറത്താകാതെ നിന്നു. 20 പന്തിൽ 31 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, ഒരു റൺ നേടിയ കെ എൽ രാഹുൽ, 20 റൺസ് നേടിയ വിരാട് കോഹ്ലി, 12 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നഷ്ടമായത്.

രവീന്ദ്ര ജഡേജയുടെയും രവിചന്ദ്രൻ അശ്വിൻ്റെയും തകർപ്പൻ ബൗളിങ് മികവിലാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഓസ്ട്രേലിയയെ തകർത്തത്. മൂന്നാം ദിനം 61 ന് 1 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് പിന്നീട് 52 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകൾ നഷ്ടമായി. 43 റൺസ് നേടിയ ട്രാവിസ് ഹെഡും 35 റൺസ് നേടിയ ലാബുഷെയ്നും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ രണ്ടക്കം കടന്നത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 12.1 ഓവറിൽ 42 റൺസ് വഴങ്ങി ഏഴ് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ മൂന്ന് വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്സിലെ അശ്വിൻ അക്ഷർ കൂട്ടുകെട്ടാണ് മത്സരത്തിൽ വഴിതിരിവായത്. എട്ടാം വിക്കറ്റിൽ 114 റൺസ് കൂട്ടിച്ചേർത്ത ഇന്ത്യയെ 262 റൺസിലെത്തിച്ച ഇരുവരുമാണ് ഓസ്ട്രേലിയയുടെ ലീഡ് നാമമാത്രമാക്കിയത്. അക്ഷർ 74 റൺസ് നേടിയപ്പോൾ രവിചന്ദ്രൻ അശ്വിൻ 37 റൺസ് നേടിയാണ് പുറത്തായത്. വിരാട് കോഹ്ലി 44 റൺസ് നേടി.

വിജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുൻപിലെത്തി. മാർച്ച് ഒന്നിന് ഇൻഡോറിലാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.