Skip to content

വൈസ് ക്യാപ്റ്റന് ഇനി പുറത്തിരിക്കാം. വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

പതിവ് പോലെ വീണ്ടും നിരാശപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ജഡേജയുടെയും അശ്വിൻ്റെയും മികവിൽ ഓസ്ട്രേലിയയുടെ ചുരുക്കികെട്ടി 115 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി വെറും ഒരു റൺ നേടിയാണ് കെ എൽ രാഹുൽ പുറത്തായത്.

മൂന്ന് പന്തുകൾ മാത്രം നേരിട്ട കെ എൽ രാഹുലിനെ തൻ്റെ ആദ്യ പന്തിൽ നേതൻ ലയനാണ് പുറത്താക്കിയത്. നേരത്തെ ആദ്യ ഇന്നിങ്സിൽ 17 റൺസ് നേടിയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുൽ പുറത്തായത്. വീണ്ടും മോശം പ്രകടനം പുറത്തെടുത്തതോടെ വീണ്ടും ഗില്ലിനെ തഴഞ്ഞ് കെ എൽ രാഹുലിനെ ഇന്ത്യ കളിപ്പിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. മത്സരത്തിൽ ഇന്ത്യ വിജയിക്കുകയാണെങ്കിൽ മാറ്റങ്ങൾക്ക് ഇന്ത്യ മുതിരാതിരുക്കുവാനും സാധ്യതയുണ്ട്.

2020 ന് ശേഷം ടെസ്റ്റിൽ 6 മത്സരങ്ങളിൽ നിന്നും 15.90 ശരാശരിയിൽ 175 റൺസ് നേടുവാൻ മാത്രമാണ് കെ എൽ രാഹുലിന് സാധിച്ചിട്ടുള്ളത്. 2017 ന് ശേഷം ടോപ്പ് ഓർഡറിൽ ഇന്ത്യയ്ക്കായി 47 ഇന്നിങ്സുകൾ കളിച്ചിട്ടുള്ള കെ എൽ രാഹുൽ 26.15 ശരാശരിയിൽ 1203 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. ഇന്ത്യൻ ടോപ്പ് ഓർഡറിൽ ഇത്രയും കുറഞ്ഞ ശരാശരിയിൽ മറ്റൊരാളും ഇത്രയധികം മത്സരങ്ങൾ കളിച്ചിട്ടില്ലയെന്നതാണ് സത്യം.