Skip to content

അയ്യയ്യേ നാണക്കേട് !! ഇന്ത്യയ്ക്ക് മുൻപിൽ തകർന്നുതരിപ്പണമായി ഓസ്ട്രേലിയ

ഡൽഹി ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ തകർന്നുതരിപ്പണമായി ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ പ്രതീക്ഷിച്ച പോലെ വമ്പൻ തിരിച്ചുവരവ് ജഡേജയും അശ്വിനും നടത്തിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് മറുപടി നൽകാൻ സാധിച്ചില്ല. രണ്ടാം ഇന്നിങ്സിൽ വെറും 113 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടായി. 115 റൺസാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയിക്കാൻ വേണ്ടത്.

61 ന് 1 എന്ന മികച്ച നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് പിന്നീട് 52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 9 വിക്കറ്റുകളും നഷ്ടമായി. 43 റൺസ് നേടിയ ട്രാവിസ് ഹെഡ്, 35 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ എന്നിവർ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സ്റ്റീവ് സ്മിത്ത് 9 റൺസ് നേടി പുറത്തായപ്പോൾ വാർണർക്ക് പകരക്കാരനായി എത്തിയ റെൻഷോ 2 റൺസ് മാത്രം നേടി പുറത്തായി.

ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന പീറ്റർ ഹാൻഡ്സ്കോംബിനെ രവീന്ദ്ര ജഡേജയ്ക്ക് പൂജ്യത്തിന് മടക്കിയതോടെ ഓസ്ട്രേലിയയുടെ പതനം പൂർണമായി. പിന്നാലെ എത്തിയ പാറ്റ് കമ്മിൻസ് ആദ്യ പന്തിൽ തന്നെ പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ 42 റൺസ് വഴങ്ങി 7 വിക്കറ്റും രവിചന്ദ്രൻ അശ്വിൻ 3 വിക്കറ്റും നേടി.