കറാച്ചി സ്ഫോടനം പി എസ് എൽ നിർത്തിവെയ്ക്കില്ലെന്ന് നജാം സേതി

കറാച്ചിയിലുണ്ടായ തീവ്രവാദ ആക്രമണത്തിൻ്റെ ഭീതി നിലനിൽക്കെ പാകിസ്ഥാൻ സൂപ്പർ ലീഗ് പതിവ് പോലെ തുടരുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. കറാച്ചി പോലീസ് ആസ്ഥാനത്തിന് നേരെയുണ്ടായ തീവ്രവാദ ആക്രമണം പി എസ് എൽ മത്സരങ്ങളുടെ സുരക്ഷയ്ക്ക് ചോദ്യചിഹ്നം ഉയർത്തിയിരുന്നു.

എന്നാൽ ക്രിക്കറ്റുമായി ബന്ധമില്ലാത്തതിനാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇത് ഒറ്റപെട്ട സംഭവം മാത്രമാണെന്നും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ പറഞ്ഞു. ഇപ്പോൾ നടന്ന സംഭവം ക്രിക്കറ്റിന് ഭീഷണിയല്ലെന്നും ഇത് പ്രാദേശിക വിദേശ സുരക്ഷാ വിദ്ധഗ്ദരുമായി തങ്ങൾ ചർച്ച ചെയ്തുവെന്നും പ്രസിഡൻ്റ് ലെവൽ സുരക്ഷയാണ് കളിക്കാർക്കും മറ്റു ഒഫീഷ്യൽസിനും തങ്ങൾ നൽകുന്നതെന്നും ഭയപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും നജാം സേതി പറഞ്ഞു. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് ടൂർണമെൻ്റിലെ ഭൂരിഭാഗം മത്സരം നടക്കുന്നത്.

കറാച്ചിയിലുണ്ടായ ഈ ആക്രമണം ഏഷ്യ കപ്പ് നടത്തുന്നതിലും ചോദ്യചിഹ്നം ഉയർത്തുകയാണ്. നിലവിൽ രണ്ട് രാജ്യങ്ങളിൽ ഏഷ്യ കപ്പ് നടത്താമെന്ന പദ്ധതിയാണ് പാകിസ്ഥാന് മുൻപിലുള്ളത്. ഇന്ത്യയുടെ മത്സരങ്ങൾ യു എ ഇയിലും മറ്റു മത്സരങ്ങൾ പാകിസ്ഥാനിലും നടത്തുവാനാണ് പാകിസ്ഥാൻ്റെ പദ്ധതി. ഇന്ത്യ ഫൈനലിൽ യോഗ്യത നേടിയാൽ ഫൈനൽ യു എ ഇയിലായിരിക്കും നടക്കുക.