Skip to content

അവർ ചില്ലറക്കാരല്ല. ഇന്ത്യയുടെ വാലറ്റത്തെ കുറിച്ച് ഓസ്ട്രേലിയൻ സ്പിന്നർ

ഒരിക്കൽ കൂടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് രക്ഷയായിരിക്കുകയാണ് വാലറ്റനിരയുടെ ബാറ്റിങ് പ്രകടനം. ഡൽഹി ടെസ്റ്റിൽ അക്ഷറും അശ്വിനും ചേർന്ന് പടുത്തുയർത്തിയ നിർണായക കൂട്ടുകെട്ടാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് രക്ഷയായത്. ആ കൂട്ടുകെട്ട് ഇല്ലായിരുന്നുവെങ്കിലും ഇതിനോടകം ഓസ്ട്രേലിയ മത്സരം കൈപ്പിടിയിൽ ഒതുക്കുമായിരുന്നു.

139 റൺസിന് 7 വിക്കറ്റ് നഷ്ടപെട്ട ശേഷം ഒത്തുചേർന്ന അശ്വിനും അക്ഷറും 114 റൺസാണ് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഓസ്ട്രേലിയൻ ബൗളർമാർക്ക് യാതൊരു അവസരം നൽകാതെയായിരുന്നു ഇരുവരുടെയും ബാറ്റിങ്. അശ്വിൻ 37 റൺസ് നേടിയപ്പോൾ അക്ഷർ പട്ടേൽ 74 റൺസ് നേടിയിരുന്നു.

ഇന്ത്യയുടെ വാലറ്റം ചില്ലറക്കാരല്ലെന്നായിരുന്നു ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ നേതൻ ലയണിൻ്റെ പ്രതികരണം. അശ്വിനും അക്ഷറും മറ്റു ടീമുകളിലായിരുന്നുവെങ്കിൽ ടോപ്പ് സിക്സിൽ ബാറ്റ് ചെയ്യാമായിരുന്നുവെന്നും ഇന്ത്യൻ ടീമിലായതുകൊണ്ട് മാത്രമാണ് അവർ എട്ടാമനായും ഒമ്പതാമനായും ഇറങ്ങേണ്ടി വരുന്നതെന്നും നേതൻ ലയൻ പറഞ്ഞു. അവരെ ബാറ്റ് ചെയ്യാൻ സാധിക്കുന്ന ബൗളർമാരായി കാണാൻ കഴിയില്ലെന്നും അക്ഷറും അശ്വിനും കഴിവുറ്റ ബാറ്റ്സ്മാന്മാരാണെന്നും ഓസ്ട്രേലിയൻ സ്പിന്നർ പറഞ്ഞു.

നാളെ തങ്ങളുടെ ബാറ്റ്സ്മാന്മാർ മികവ് പുലർത്തുമെന്നാണ് പ്രതീക്ഷയെന്നും 250 റൺസിലധികം റൺസ് നാലാം ഇന്നിങ്സിൽ ഡിഫൻഡ് ചെയ്യാൻ ആവശ്യമാണെന്നും നേതൻ ലയൺ പറഞ്ഞു.