Skip to content

വാർണർ പുറത്തായത് ഉപകാരമായോ ! ഓപ്പണറായി അതിവേഗം റൺസ് നേടി ട്രാവിസ് ഹെഡ്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ സമാസമം പോരാടി ഇന്ത്യയും ഓസ്ട്രേലിയയും. ആദ്യ ഇന്നിങ്സിൽ ഒരു റൺസിൻ്റെ മാത്രം ലീഡ് നേടി ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് നേടിയിട്ടുണ്ട്.

40 പന്തിൽ 39 റൺസ് നേടിയ ട്രാവിസ് ഹെഡും 19 പന്തിൽ 16 റൺസ് നേടിയ മാർനസ് ലാബുഷെയ്നുമാണ് ഓസ്ട്രേലിയക്ക് വേണ്ടി ക്രീസിലുള്ളത്. 6 റൺസ് നേടിയ ഉസ്മാൻ ഖവാജയുടെ വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഡേവിഡ് വാർണർ കൺകഷൻ മൂലം പുറത്തായതോടെയാണ് ഓപ്പണറായി ട്രാവിസ് ഹെഡ് എത്തിയത്. പകരക്കാരനായി എത്തിയ റെൻഷോ മധ്യനിരയിലായിരിക്കും ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുക.

ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ തകർന്ന ഇന്ത്യ അക്ഷർ പട്ടേലിൻ്റെയും രവിചന്ദ്രൻ അശ്വിൻ്റെയും തകർപ്പൻ കൂട്ടുകെട്ട് മികവിലാണ് മത്സരത്തിൽ തിരിച്ചെത്തിയത്. 139 റൺസ് എടുക്കുന്നതിനിടെ 7 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയ്ക്ക് വേണ്ടി എട്ടാം വിക്കറ്റിൽ 114 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. അശ്വിൻ 37 റൺസ് നേടി പുറത്തായപ്പോൾ അക്ഷർ പട്ടേൽ 74 റൺസ് നേടി. വിരാട് കോഹ്ലി 84 പന്തിൽ 44 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ 32 റൺസ് നേടി പുറത്തായി.

ഓസ്ട്രേലിയയ്ക്ക് നേതൻ ലയൺ അഞ്ച് വിക്കറ്റും മാത്യൂ കുനെമൻ, ടോഡ് മർഫി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.