ഓസ്ട്രേലിയക്കെതിരെ അക്ഷറിൻ്റെയും അശ്വിൻ്റെയും സർജിക്കൽ സ്ട്രൈക്ക്

ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോർ കുറിച്ച് ഇന്ത്യ. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലിൻ്റെയും രവിചന്ദ്രൻ അശ്വിൻ്റെയും നിർണ്ണായക കൂട്ടുകെട്ടാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ 262 റൺസ് നേടി പുറത്തായ ഇന്ത്യ ഒരു റൺസിൻ്റെ ലീഡ് മാത്രമാണ് വഴങ്ങിയത്.

ഒരു ഘട്ടത്തിൽ 139 ന് 7 വിക്കറ്റ് നഷ്ടപെട്ട ശേഷമായിരുന്നു ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തിയത്. എട്ടാം വിക്കറ്റിൽ 114 റൺസ് രവിചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലും കൂട്ടിച്ചേർത്തു. രവിചന്ദ്രൻ അശ്വിൻ 71 പന്തിൽ 37 റൺസ് നേടി പുറത്തായപ്പോൾ തൻ്റെ തുടർച്ചയായ രണ്ടാം ഫിഫ്റ്റി നേടിയ അക്ഷർ പട്ടേൽ 115 പന്തിൽ 74 റൺസ് നേടി പുറത്തായി. ഈ പരമ്പരയിലെ ആദ്യത്തെ 100 റൺസിൻ്റെ കൂട്ടുകെട്ട് കൂടിയാണിത്.

ഇരുവർക്കും പുറമെ 44 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലർത്തിയത്. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ചേർന്ന് 59 റൺസ് കോഹ്ലി കൂട്ടിചേർത്തിരുന്നു.

അഞ്ച് വിക്കറ്റ് നേടിയ നേതൻ ലയനാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങിയത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 263 റൺസിൽ അവസാനിച്ചിരുന്നു. 81 റൺസ് നേടിയ ഉസ്മാൻ ഖവാജ, 72 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്കോംബ് എന്നിവരാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി നാല് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.