Skip to content

വീണ്ടും മോശം പ്രകടനം, കെ എൽ രാഹുലിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

വീണ്ടും ബാറ്റിങിൽ പരാജയപെട്ടതിന് പുറകെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനെയും ഇന്ത്യൻ ടീം മാനേ്മെൻ്റിനെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. നാഗ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ പരാജയപെട്ട താരം ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ വെറും 17 റൺസ് നേടിയാണ് പുറത്തായത്.

” അവൻ്റെ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ ഒരു ഭാഗവും നോക്കാതെ ഒരു കളിക്കാരനെ അന്ധമായി പിന്തുണയ്ക്കുന്ന ടീം മാനേജ്മെൻ്റിൻ്റെ തീരുമാനവും ചർച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൻ്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രമെടുത്താൽ ഇത്രയും കുറഞ്ഞ ശരാശരിയുള്ള ഒരു ബാറ്റ്സ്മാനും ടോപ്പ് ഓർഡറിൽ കളിച്ചിട്ടില്ല. ”

” അവനെ ടീമിൽ ഉൾപ്പെടുത്തികൊണ്ട് കഴിവുള്ളവരും മികച്ച ഫോമിലുളളവർക്കും പ്ലേയിങ് ഇലവനിൽ ഇടം നേടാനുള്ള അവസരം ബോധപൂർവ്വം തടയുകയാണ്. ശിഖാർ ധവാൻ്റെ ശരാശരി 40 ന് മുകളിലായിരുന്നു. മായങ്ക് അഗർവാൾ രണ്ട് ഡബിൾ സെഞ്ചുറി നേടിയ പ്ലേയറാണ്, ശുഭ്മാൻ ഗിൽ ഗംഭീര ഫോമിലാണ്. സർഫറാസിൻ്റെ അവസാനിക്കാത്ത കാത്തിരിപ്പിലാണ്. ആഭ്യന്തര ക്രിക്കറ്റിലെ പലരുടെയും പ്രകടനം അവഗണിക്കപെടുന്നു. ” വെങ്കടേഷ് പ്രസാദ് പറഞ്ഞു.

നിലവിൽ ഇന്ത്യയിലെ 10 മികച്ച ഓപ്പണർമാരെ എടുത്താൽ അതിൽ കെ എൽ രാഹുൽ ഉണ്ടാകില്ലെന്നും അവനെ നിരന്തരം ടീമിൽ ഉൾപ്പെടുത്തുന്നത് നീതിയിലുള്ള വിശ്വാസം പോലും ഇല്ലാതാക്കിയെന്നും കഴിഞ്ഞ അഞ്ച് വർഷം ടെസ്റ്റ് ക്രിക്കറ്റിൽ കെ എൽ രാഹുലിൻ്റെ ശരാശരി 27 മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.