Skip to content

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ്

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് തൻ്റെ ഹെഡ് കോച്ചിനെ പിന്നിലാക്കികൊണ്ട് ഈ ചരിത്രനേട്ടം സ്റ്റോക്സ് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്സിൽ 33 പന്തിൽ 31 റൺസ് നേടി പുറത്തായ സ്റ്റോക്സ് മൂന്ന് ഫോറും രണ്ട് സിക്സും നേടിയിരുന്നു. മത്സരത്തിൽ നേടിയ ഈ രണ്ട് സിക്സോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് സ്റ്റോക്സ് സ്വന്തമാക്കി. 164 ഇന്നിങ്സിൽ നിന്നും ഇതിനോടകം 109 സിക്സ് ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റോക്സ് നേടിയിട്ടുണ്ട്.

176 ഇന്നിങ്സിൽ നിന്നും 107 സിക്സ് നേടിയിട്ടുള്ള മുൻ ന്യൂസിലൻഡ് ക്യാപ്റ്റനും നിലവിലെ ഇംഗ്ലണ്ട് ടീമിൻ്റെ ഹെഡ് കോച്ചും കൂടിയായ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കിയായിരുന്നു ഈ ചരിത്രറെക്കോർഡ് സ്റ്റോക്സ് സ്വന്തമാക്കിയത്. 137 ഇന്നിങ്സിൽ നിന്നും 100 സിക്സ് നേടിയിട്ടുള്ള ആദം ഗിൽക്രിസ്റ്റാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.

മത്സരത്തിലേക്ക് വരുമ്പോൾ ഇംഗ്ലണ്ട് വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ 374 റൺസ് നേടി പുറത്തായ ഇംഗ്ലണ്ട് ന്യൂസിലൻഡിന് മുൻപിൽ 394 റൺസിൻ്റെ വിജയലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡിന് 63 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.