ഐ പി എൽ 2023. ഷെഡ്യൂൾ പുറത്ത്. ആദ്യ പോരാട്ടം ചെന്നൈയും ഗുജറാത്തും തമ്മിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസൺ ഷെഡ്യൂൾ പുറത്തുവിട്ടു. അടുത്ത മാസം 31 ന് ഐ പി എൽ പൂരം ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് ടൂർണമെൻ്റിലെ ആദ്യ പോരാട്ടം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

മൂന്ന് സീസണുകൾക്ക് ശേഷം ഇതാദ്യമായി ഹോമിലും എവെയിലുമായാണ് മത്സരങ്ങൾ നടക്കുക. കോവിഡിനെ തുടർന്ന് ഹോം എവെ മത്സരങ്ങൾ നടത്തുവാൻ സാധിച്ചിരുന്നില്ല. പ്രഥമ വുമൺസ് പ്രീമിയർ ലീഗ് ഫൈനൽ അവസാനിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഐ പി എൽ പൂരം ആരംഭിക്കുക. മാർച്ച് 26 നാണ് വുമൺസ് പ്രീമിയർ ലീഗിൻ്റെ ഫൈനൽ നടക്കുന്നത്. മെയ് 28 നാണ് ഐ പി എൽ ഫൈനൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ പോലെ രണ്ട് ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ജയൻ്റ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്.