വിക്കറ്റ് നൽകാതെ കെ എൽ രാഹുലും ഹിറ്റ്മാനും. ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് ആവേശകരമായ തുടക്കം. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയ ഇന്ത്യ ആദ്യ ദിനം വിക്കറ്റ് ഒന്നും നഷ്ടപെടാതെ പൂർത്തിയാക്കി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപെടാതെ 21 റൺസ് നേടിയിട്ടുണ്ട്.

13 റൺസ് നേടിയ രോഹിത് ശർമയും 4 റൺസ് നേടിയ കെ എൽ രാഹുലുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 263 റൺസ് നേടാനാണ് ഓസ്ട്രേലിയക്ക് സാധിച്ചത്. മികച്ച തുടക്കമായിരുന്നു ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറും ഓസ്ട്രേലിയക്ക് സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 50 റൺസ് നേടുവാൻ ഇരുവർക്കും സാധിച്ചു. 15 റൺസ് നേടിയ വാർണർ പുറത്തായ ശേഷം ക്രീസിലെത്തിയ ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നിവരെ പുറത്താക്കികൊണ്ട് അശ്വിൻ ഓസ്ട്രേലിയയുടെ മുൻനിര തകർത്തുവെങ്കിലും 125 പന്തിൽ 81 റൺസ് ഉസ്മാൻ ഖവാജ ഓസ്ട്രേലിയയുടെ രക്ഷകനാവുകയായിരുന്നു.

ഖവാജ പുറത്തായ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത ഹാൻഡ്സ്കോംബ് 142 പന്തിൽ 72 റൺസ് നേടി പുറത്താകാതെ നിന്നു. ഇരുവർക്കും പുറമെ 33 റൺസ് നേടിയ പാറ്റ് കമ്മിൻസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി 60 റൺസ് വഴങ്ങി നാല് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീതവും നേടി