Skip to content

അനിൽ കുംബ്ലെയ്ക്ക് ശേഷം ഇതാദ്യം തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

ഡൽഹി ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയൻ ഇന്നിങ്സിലെ മൂന്നാം വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്.

ഓസ്ട്രേലിയൻ ഇന്നിങ്സിലെ തൻ്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ 100 വിക്കറ്റുകൾ രവിചന്ദ്രൻ അശ്വിൻ പൂർത്തിയാക്കി. ഓസ്ട്രേലിയക്കെതിരെ നൂറ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് രവിചന്ദ്രൻ അശ്വിൻ. ഇതിഹാസ താരം അനിൽ കുംബ്ലെയാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.

ഓസ്ട്രേലിയക്കെതിരെ 111 വിക്കറ്റുകൾ അനിൽ കുംബ്ലെ നേടിയിട്ടുണ്ട്. ഈ പരമ്പരയിൽ തന്നെ അനിൽ കുംബ്ലെയെയും പിന്നിലാക്കുവാനുള്ള അവസരം രവിചന്ദ്രൻ അശ്വിന് മുൻപിലുണ്ട്. മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, അലക്സ് കാരി എന്നിവരെ പിന്നിലാക്കിയാണ് അശ്വിൻ ഓസ്ട്രേലിയക്കെതിരെ 100 വിക്കറ്റെന്ന നാഴികക്കല്ല് പൂർത്തിയാക്കിയത്.

ഒരോവറിലാണ് മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത് എന്നീ ലോകത്തിലെ ഏറ്റവും ടെസ്റ്റ് ബാറ്റർമാരെ അശ്വിൻ പുറത്താക്കിയത്. അശ്വിനെതിരെ ഇത് രണ്ടാം തവണയാണ് സ്റ്റീവ് സ്മിത്ത് പൂജ്യത്തിന് പുറത്താകുന്നത്. മറ്റൊരു ബൗളർക്കും ടെസ്റ്റിൽ സ്മിത്തിനെ ഒന്നിൽ കൂടുതൽ തവണ പൂജ്യത്തിന് പുറത്താക്കുവാൻ സാധിച്ചിട്ടില്ല.