Skip to content

പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ്. നിക്കോളാസ് പൂറൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ ക്യാപ്റ്റന്മാരെ ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏകദിനത്തിലും ടി20 യിലും വ്യത്യസ്ത ക്യാപ്റ്റന്മാരെയാണ് വെസ്റ്റിൻഡീസ് നിയമിച്ചിരിക്കുന്നത്. ഏകദിനത്തിൽ ടീമിലെ ഓപ്പണിങ് ബാറ്റ്സ്മാൻ ഷായ് ഹോപ്പിനെയും ടി20 ക്രിക്കറ്റിൽ വെടിക്കെട്ട് താരം റോവ്മാൻ പോവലിനെയുമാണ് വിൻഡീസ് ക്യാപ്റ്റന്മാരായി നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ പ്രധാന റൗണ്ടിലേക്ക് യോഗ്യത നേടാതെ ടീം പുറത്തായതോടെയാണ് നിക്കോളാസ് പൂറൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. ഐസിസി ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടുകയെന്നതാണ് വിൻഡീസിനെ സംബന്ധിച്ച് ഇനിയുള്ള ലക്ഷ്യം. സൂപ്പർ ലീഗിലെ മത്സരങ്ങൾ അവസാനിച്ചതിനാൽ ഇനി മറ്റു ടീമുകളുടെ മത്സരഫലം അനുസരിച്ചായിരിക്കും നേരിട്ട് യോഗ്യത നേടുവാൻ വിൻഡീസിന് സാധിക്കുക. നേരിട്ട് യോഗ്യത നേടുവാൻ സാധിച്ചില്ലെങ്കിൽ സിംബാബ്‌വെയിൽ നടക്കുന്ന യോഗ്യത റൗണ്ടിൽ വിൻഡീസ് കളിക്കേണ്ടി വരും.

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൻ്റെ ആതിഥേയരായതിനാൽ ആ ടൂർണമെൻ്റിൽ വിൻഡീസ് യോഗ്യത ഉറപ്പാക്കികഴിഞ്ഞു. യു എസ് എ യ്ക്കൊപ്പം ചേർന്നാണ് ടി20 ലോകകപ്പിന് വിൻഡീസ് ആതിഥേയത്വം വഹിക്കുന്നത്.