Skip to content

അടിയോടടി. ഇംഗ്ലണ്ടിന് വേണ്ടി 36 പന്തിൽ നിന്നും ഫിഫ്റ്റിയുമായി ബെൻ ഡക്കറ്റ്

എതിരാളികൾ മാറിയെങ്കിലും തൻ്റെ ബാറ്റിങ് സമീപനത്തിൽ മാറ്റം വരുത്താതെ ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ഓപ്പണർ ബെൻ ഡക്കറ്റ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും ടി20 ശൈലിയിൽ ബാറ്റ് വീശി ടീമിന് മികച്ച തുടക്കം സമ്മാനിച്ചിരിക്കുകയാണ് ഡക്കറ്റ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി വെറും 36 പന്തുകളിൽ നിന്നും താരം ഫിഫ്റ്റി പൂർത്തിയാക്കി. സെഞ്ചുറിയ്ക്ക് 16 റൺസ് അകലെ 68 പന്തിൽ 84 റൺസ് നേടിയാണ് ഡക്കറ്റ് പുറത്തായത്. 14 ഫോർ താരം അടിച്ചുകൂട്ടി.

ആദ്യ ഇന്നിങ്സിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിന് നാല് വിക്കറ്റുകൾ നഷ്ടപെട്ടു. ബെൻ ഡക്കറ്റിന് പുറമെ 4 റൺസ് നേടിയ സാക് ക്രോലി, 42 റൺസ് നേടിയ ഒല്ലി പോപ്പ്, 14 റൺസ് നേടിയ ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഹാരി ബ്രൂക്കും ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത്. ന്യൂസിലൻഡിന് വേണ്ടി ക്യാപ്റ്റൻ ടിം സൗത്തീ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

ഇംഗ്ലണ്ടിൻ്റെ പാകിസ്ഥാൻ പര്യടനത്തോടെയാണ് ബെൻ ഡക്കറ്റ് നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയത്. 3 മത്സരങ്ങളിൽ നിന്നും 71.40 ശരാശരിയിൽ 95.71 സ്ട്രൈക്ക് റേറ്റിൽ 357 റൺസ് താരം അടിച്ചുകൂട്ടിയിരുന്നു.