സൗത്താഫ്രിക്കയ്ക്ക് ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് കുറിച്ച് ടീം ഇന്ത്യ

ഐസിസി ടീം റാങ്കിങിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തിന് പുറകെ ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ഈ റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയത്.

ടെസ്റ്റ് റാങ്കിങിലും ഒന്നാം സ്ഥാനത്തെത്തിയതോടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് ഫോർമാറ്റിലും ഇന്ത്യ ഒരേ സമയം ഒന്നാം സ്ഥാനത്തെത്തി. ഒരേ സമയം മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന രണ്ടാമത്തെ ടീമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. സൗത്താഫ്രിക്കയാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ള ടീം.

2012 ലായിരുന്നു മൂന്ന് ഫോർമാറ്റിലും സൗത്താഫ്രിക്ക ഒന്നാം സ്ഥാനത്തെത്തിയത്. നാഗ്പൂർ ടെസ്റ്റിലെ വിജയത്തോടെ ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നേടിയ വിജയത്തോടെയാണ് ഏകദിന റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്.

പരമ്പരയിൽ ഇനി നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളിൽ രണ്ടിലെങ്കിലും വിജയിച്ചാൽ മാത്രമേ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളൂ. ഡൽഹിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും സ്പിന്നിന് അനുകൂലമായ പിച്ചാണ് ഒരുങ്ങുന്നത്. പരമ്പരയിലെ മൂന്നാം മത്സരം ധർമ്മശാലയിൽ നിന്നും ഇൻഡോറിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ഞുവീഴ്ച്ച കാരണം ഔട്ട് ഫീൽഡ് മോശമായതോടെയാണ് മൂന്നാം മത്സരം മനോഹരമായ ധർമ്മശാലയിൽ നിന്നും മാറ്റിയിരിക്കുന്നത്.