Skip to content

ഗിൽ പുറത്തുതന്നെ കെ എൽ രാഹുലിന് വീണ്ടും അവസരം നൽകാൻ ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, കെ എസ് ഭരത് എന്നിവർ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ തുടരും.

പരിക്ക് മൂലം ആദ്യ മത്സരം നഷ്ടമായ ശ്രേയസ് അയ്യർക്ക് രണ്ടാം മത്സരത്തിലും കളിക്കാനാകില്ല. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ള അയ്യർ ടീമിനൊപ്പം ഡൽഹിയിൽ ഉണ്ടാകുമെങ്കിലും താരം പ്ലേയിങ് ഇലവനിൽ ഉണ്ടാകില്ല. ടെസ്റ്റ് അരങ്ങേറ്റത്തിൽ മികവ് തെളിയിക്കാൻ സൂര്യകുമാർ യാദവിനോ കെ എസ് ഭരതിനോ സാധിച്ചിരുന്നില്ല. 8 റൺസ് നേടിയാണ് ഇരുവരും പുറത്തായത്. മറുഭാഗത്ത് മോശം ഫോമിൽ തുടരുന്ന കെ എൽ രാഹുലിന് ഈ മത്സരം അതിനിർണ്ണായകമായിരിക്കും.

കഴിഞ്ഞ വർഷമടക്കം ഇന്ത്യയ്ക്കായി മൂന്ന് ഫോർമാറ്റിലും മോശം പ്രകടനമാണ് കെ എൽ രാഹുൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്സിൽ ഒരേയൊരു ഫിഫ്റ്റി നേടുവാൻ മാത്രമാണ് കെ എൽ രാഹുലിന് സാധിച്ചത്. മറുഭാഗത്ത് അവസാന ടെസ്റ്റ് ഇന്നിങ്സിൽ സെഞ്ചുറി കുറിച്ച ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യ കെ എൽ രാഹുലിന് വീണ്ടും അവസരം നൽകിയിരിക്കുന്നത്.

കെ എൽ രാഹുലിനൊപ്പം വിരാട് കോഹ്ലി ഫോമിലെത്തേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. ലിമിറ്റഡ് ഓവറിൽ ഫോമിൽ തിരിച്ചെത്തിയ കോഹ്ലി ടെസ്റ്റിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം. സീനിയർ താരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ മാത്രമാണ് ടെസ്റ്റിൽ ഇന്ത്യയ്ക്കായി കഴിഞ്ഞ കാലയളവിൽ സ്ഥിരത പുലർത്തിയിട്ടുള്ളത്.