Skip to content

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. അശ്വിനെ നേരിടാൻ ഗംഭീര തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ഇന്ത്യൻ താരത്തിൻ്റെ മികവിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ല. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.

ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ രണ്ടാം ഇന്നിങ്സിൽ 37 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ രവിചന്ദ്രൻ അശ്വിൻ്റെ മുപ്പത്തിയൊന്നാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. കൂടാതെ ഇന്ത്യൻ മണ്ണിൽ അശ്വിൻ നേടുന്ന 25 ആം അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്.

ഇതോടെ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളറെന്ന തകർപ്പൻ നേട്ടത്തിൽ അനിൽ കുംബ്ലെയ്ക്കൊപ്പം രവിചന്ദ്രൻ അശ്വിനെത്തി. ടെസ്റ്റ് കരിയറിൽ 35 തവണ അഞ്ച് വിക്കറ്റ് നേട്ടം നേടിയിട്ടുള്ള അനിൽ കുംബ്ലെ ഇന്ത്യൻ മണ്ണിൽ 25 തവണ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചിട്ടുണ്ട്.

മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റ് നേടിയതോടെ 95 വിക്കറ്റ് നേടിയ ഹർഭജൻ സിങ്, നേതൻ ലയൺ എന്നിവരെ പിന്നിലാക്കി ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായി അശ്വിൻ മാറി. 111 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ മാത്രമാണ് അശ്വിന് മുൻപിലുള്ളത്.