തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ ജഡേജ ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. എന്നാൽ മത്സരത്തിന് പുറകെ ജഡേജയ്ക്കെതിരെ നടപടി എടുത്തിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ.
മത്സരത്തിലെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിനിടെ ജഡേജയ്ക്കെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ ബോൾ ടാമ്പറിങ് ആരോപണം ഉന്നയിച്ചിരുന്നു. പന്ത് കയ്യിൽ വെച്ചുകൊണ്ട് ജഡേജ എന്തോ പുരട്ടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജഡേജയ്ക്കെതിരെ ആരോപണം ഉയർന്നത്. പിന്നാലെ ജഡേജ വേദനയ്ക്കുള്ള ക്രീമാണ് പുരട്ടിയതെന്നും അത് പന്തിലല്ല വിരലിളാണ് പുറട്ടിയതെന്നും ഇന്ത്യ മാച്ച് റഫറിയോട് വിശദീകരിച്ചു.
എന്നാൽ അമ്പയരുടെ അനുവാദമില്ലാതെ ക്രീം പുരട്ടിയതിനാൽ ഐസിസി പെരുമാറ്റചട്ടം ലെവൽ വൺ അനുസരിച്ച് ജഡേജയ്ക്കെതിരെ ഐസിസി നടപടിയെടുത്തു. ഒരു ഡീമെറിറ്റ് പോയിൻ്റും മാച്ച് ഫീയുടെ 25 ശതമാനവും ജഡേജയ്ക്ക് ശിക്ഷയായി വിധിച്ചു.
മത്സരത്തിൽ ഒരു ഇന്നിങ്സിൻ്റെയും 132 റൺസിൻ്റെയും വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ഓസ്ട്രേലിയയുടെ 177 റൺസിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറിന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 400 റൺസ് നേടി 223 റൺസിൻ്റെ വമ്പൻ ലീഡ് കുറിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 91 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.