Skip to content

അവൻ്റെ ഫോമിൽ ആശങ്കയില്ല. കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ബാറ്റിങ് കോച്ച്

ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ ഫോമിൽ ടീമിന് യാതൊരു ആശങ്കയുമില്ലെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് വിക്രം റാത്തോർ. മികച്ച പ്രകടനം കഴിഞ്ഞ മത്സരങ്ങളിൽ കെ എൽ രാഹുൽ പുറത്തെടുത്തിട്ടുണ്ടെന്ന് വൈസ് ക്യാപ്റ്റനെ പിന്തുണച്ച് കൊണ്ട് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ പറഞ്ഞു.

തകർപ്പൻ ഫോമിലുള്ള ശുഭ്മാൻ ഗിൽ അടക്കമുള്ളവർ പുറത്തെരിക്കെ കെ എൽ രാഹുലിൻ്റെ മോശം പ്രകടനം ആരാധകരുടെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ 20 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. കഴിഞ്ഞ എട്ട് ടെസ്റ്റ് ഇന്നിങ്സുകളിൽ കെ എൽ രാഹുലിൻ്റെ ഏറ്റവും ഉയർന്ന സ്കോർ 23 മാത്രമാണ്.

” അക്കാര്യത്തിൽ അഭിപ്രായം പറയാനില്ല. കഴിഞ്ഞ 10 ടെസ്റ്റ് മത്സരങ്ങൾ എടുത്ത് നോക്കിയാൽ ഒന്നിലധികം സെഞ്ചുറിയും ഫിഫ്റ്റിയും അവൻ നേടിയിട്ടുണ്ട്. സൗത്താഫ്രിക്കയിലും ഇംഗ്ലണ്ടിലും അവൻ സെഞ്ചുറി നേടി. കുറച്ച് ഫിഫ്റ്റിയും അവൻ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ആശങ്കയില്ല.” ഇന്ത്യൻ ബാറ്റിങ് പരിശീലകൻ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ പരമ്പരയിലും മോശം പ്രകടനമായിരുന്നു കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ആ പരമ്പരയിൽ ഗിൽ തൻ്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടുകയും ചെയ്തിരുന്നു.