Skip to content

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ കപിൽ ദേവിനെയും പിന്നിലാക്കി രവീന്ദ്ര ജഡേജ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിൽ മികച്ച പ്രകടനമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയെ ചുരുക്കികെട്ടിയ ജഡേജ അതിന് പിന്നാലെ ബാറ്റിങിലും മികവ് പുലർത്തി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി ഫിഫ്റ്റി കുറിച്ച ജഡേജ രണ്ടാം ദിനം അവസാനിക്കുമ്പോൾ 170 പന്തിൽ 66 റൺസ് നേടികൊണ്ട് ക്രീസിൽ തുടരുകയാണ്. അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം ഫിഫ്റ്റിയും നേടിയതോടെ തകർപ്പൻ റെക്കോർഡ് ജഡേജ സ്വന്തം പേരിൽ കുറിച്ചു.

ഇത് അഞ്ചാം തവണയാണ് ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം ജഡേജ ഫിഫ്റ്റിയും നേടുന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഒരു ഇന്നിങ്സിൽ ഫിഫ്റ്റിയ്ക്കൊപ്പം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ജഡേജ സ്വന്തമാക്കി. നാല് തവണ ഫിഫ്റ്റിയും അതേ ഇന്നിങ്സിൽ അഞ്ച് വിക്കറ്റും വീഴ്ത്തിയ സാക്ഷാൽ കപിൽ ദേവിനെയാണ് ജഡേജ പിന്നിലാക്കിയത്.

120 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 52 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരാണ് ജഡേജയ്ക്കൊപ്പം ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റിന് 321 റൺസ് നേടുകയും ഇതിനോടകം 144 റൺസിൻ്റെ നിർണായക ലീഡ് സ്വന്തമാക്കുകയും ചെയ്തു.