Skip to content

ഇനി എന്ത് പറഞ്ഞ് കരയും. ഫിഫ്റ്റിയുമായി തിളങ്ങി ഇന്ത്യയുടെ ഇടംകയ്യൻന്മാർ

നാഗ്പൂർ ടെസ്റ്റിൽ വിജയിക്കാൻ ഇടംകയ്യൻ ബാറ്റ്സ്മാന്മാർക്ക് അനുകൂലമായ പിച്ചൊരുക്കിയെന്ന ഓസ്ട്രേലിയയുടെ വാദം പൊളിച്ചടുക്കി ഇന്ത്യയുടെ ഇടംകയ്യന്മാരായ രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും. ഫിഫ്റ്റി നേടി തിളങ്ങിയ ഇരുവരും ഓസ്ട്രേലിയ പറയാൻ വെച്ചിരുന്ന മറ്റൊരു കാരണവും ഇല്ലാതാക്കി.

മത്സരത്തിന് മുൻപേയാണ് പിച്ച് മനപൂർവ്വം ഇടംകയ്യൻ ബാറ്റ്സ്മാന്മാർക്ക് പ്രതികൂലമാക്കി പിച്ച് ഡോക്ടറിങ് നടത്തിയെന്ന ആരോപണം മുൻ ഓസ്ട്രേലിയൻ താരങ്ങളും മാധ്യമങ്ങളും മുന്നോട്ട് വെച്ചത്. അവർ പറഞ്ഞപോലെ തന്നെ ഓസ്ട്രേലിയയുടെ മുൻനിരയിലുള്ള ഇടംകയ്യൻ ബാറ്റ്സ്മാന്മാർ പൊരുതാൻ പോലുമാകാതെ കീഴടങ്ങി. ഉസ്മാൻ ഖവാജ, ഡേവിഡ് വാർണർ എന്നിവർ ഒരു റൺ മാത്രം നേടി പുറത്തായപ്പോൾ റെൻഷോ ആദ്യ പന്തിൽ തന്നെ പുറത്തായി.

എന്നാൽ കളിക്കാൻ അറിയാവുന്നവർക്ക് പിച്ച് പ്രശ്നമല്ലെന്ന് തെളിയിക്കുന്നതായിരുന്നു രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരുടെ പ്രകടനങ്ങൾ. ഏഴാം വിക്കറ്റ് വീണ ശേഷം ക്രീസിൽ നിലയുറപ്പിച്ച ഇരുവരും എട്ടാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തു. രണ്ടാം ദിനം അവസാനിക്കുമ്പോൾ 66 റൺസ് നേടിയ രവീന്ദ്ര ജഡേജയും 52 റൺസ് നേടിയ അക്ഷർ പട്ടേലും ഇന്ത്യയ്ക്കായി ക്രീസിലുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ ഇന്ത്യ വിജയം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് നേടിയ ഇന്ത്യ ഇതിനോടകം 144 റൺസിൻ്റെ ലീഡ് സ്വന്തമാക്കികഴിഞ്ഞു.