Skip to content

ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറി കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

നാഗ്പൂർ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മറ്റുള്ള ബാറ്റ്സ്മാന്മാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിലാണ് തകർപ്പൻ സെഞ്ചുറി രോഹിത് ശർമ്മ നേടിയിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ ഒമ്പതാം സെഞ്ചുറിയാണിത്.171 പന്തിൽ നിന്നുമാണ് ഹിറ്റ്മാൻ തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ രോഹിത് ശർമ്മയുടെ 43 ആം സെഞ്ചുറി കൂടിയാണിത്. ടെസ്റ്റിൽ 9 സെഞ്ചുറി നേടിയ ഹിറ്റ്മാൻ ഏകദിന ക്രിക്കറ്റിൽ 30 സെഞ്ചുറിയും അന്താരാഷ്ട്ര ടി20 യിൽ നാല് സെഞ്ചുറിയും നേടിയിട്ടുണ്ട്. ടെസ്റ്റിൽ ക്യാപ്റ്റനായി രോഹിത് ശർമ്മ നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്.

രണ്ടാം ദിനത്തിൽ ഇതുവരെ നാല് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 62 പന്തിൽ 23 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ, 14 പന്തിൽ 7 റൺസ് നേടിയ ചേതേശ്വർ പുജാര, 12 റൺസ് നേടിയ വിരാട് കോഹ്ലി,8 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ദിനത്തിൽ 20 റൺസ് നേടിയ ഓപ്പണർ കെ എൽ രാഹുലിൻ്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു.

അരങ്ങേറ്റക്കാരൻ ടോഡ് മർഫിയാണ് ഓസ്ട്രേലിയക്ക് വേണ്ടി ആദ്യ നാല് വിക്കറ്റും നേടിയത്. നേതൻ ലയനാണ് സൂര്യകുമാർ യാദവിൻ്റെ വിക്കറ്റ് നേടിയത്.