Skip to content

ഈ പിച്ചിൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ബോൾ ടാമ്പറിങ് ആരോപണങ്ങളോട് പ്രതികരിച്ച് രവി ശാസ്ത്രി

നാഗ്പൂർ ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ടീമിനെതിരെ ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഉയർത്തിയ ബോൾ ടാമ്പറിങ് ആരോപങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഇന്നലെ മത്സരത്തിനിടെ ജഡേജ വിരലിൽ വേദനയ്ക്കുള്ള ഒയിൻമെൻ്റ് പുരട്ടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ആരോപണങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങൾ ഉന്നയിച്ചത്.

ഇന്ത്യയുടെ സ്ഥിര വിമർശകരിൽ ഒരാളായ മൈക്കൽ വോൺ അടക്കമുള്ളവർ ഇത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ജഡേജ ഉപയോഗിച്ചത് വേദനയ്ക്കുള്ള ഓയിൻമെൻ്റാണെന്ന് ഇന്ത്യ ഔദ്യോഗികമായി ഐസിസി മാച്ച് റഫറിയെ അറിയിക്കുകയും ചെയ്തു. ഇപ്പോൾ ഈ ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി.

” ഞാൻ അതിനെ കുറിച്ച് അധികം കേട്ടില്ല. രണ്ട് ചോദ്യങ്ങളാണ് എനിക്ക് ചോദിച്ചത്. ഓസ്ട്രേലിയൻ ടീമിന് ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ ? ഇല്ല എന്നായിരുന്നു മറുപടി. മാച്ച് റഫറി ഇടപെട്ടോ ? അദ്ദേഹത്തോട് എല്ലാം പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന് ബോധ്യപെടുകയും ചെയ്തു. പിന്നെന്തിനാണ് മറ്റുള്ളവരുമായി ഇത് ചർച്ച ചെയ്യുന്നത്. ” രവി ശാസ്ത്രി പറഞ്ഞു.

” പിന്നെ ഈ ട്രാക്കിൽ അതിൻ്റെ യാതൊരു ആവശ്യവും ഇല്ല. പന്ത് ടേൺ ചെയ്യുമെന്ന് ഉറപ്പാണ്. ” രവി ശാസ്ത്രി കൂട്ടിച്ചേർത്തു.