Skip to content

ഇതൊന്ന് കുറിച്ചുവെച്ചോളു. കമൻ്ററിയ്ക്കിടെ ദിനേശ് കാർത്തിക്കിൻ്റെ ധീരമായ പ്രവചനം. പിന്നാലെ മാർക്ക് വോയുമായി തർക്കം

നാഗ്പൂരിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആവേശകരമായി പുരോഗമിക്കവെ കമൻ്ററിയ്ക്കിടെ ധീരമായ പ്രവചനം നടത്തി ദിനേശ് കാർത്തിക്. ദിനേശ് കാർത്തിക്കിൻ്റെ ഈ പ്രവചനത്തോട് കമൻ്ററിയിലുണ്ടായിരുന്ന മുൻ ഓസ്ട്രേലിയൻ താരം മാർക്ക് വോയ്ക്ക് യോജിക്കാനായില്ല.

ഈ മത്സരത്തിൽ ഇന്ത്യ ഒരിക്കൽ മാത്രമേ ബാറ്റ് ചെയ്യൂവെന്നായിരുന്നു ദിനേശ് കാർത്തിക്കിൻ്റെ പ്രവചനം. അതുകൊണ്ട് കാർത്തിക് ഉദ്ദേശിച്ചത് ഇന്ത്യ ഈ മത്സരം ഒരു ഇന്നിങ്സിന് വിജയിക്കുമെന്ന് തന്നെയായിരുന്നു. നമുക്കത് കാണാമെന്നായിരുന്നു മാർക്ക് വോയുടെ മറുപടി. തൻ്റെ വാക്കുകൾ കുറിച്ചുവെച്ചോളൂവെന്ന ധീരമായ മറുപടി കാർത്തിക് മാർക്ക് വോയ്ക്ക് നൽകി.

എന്നാൽ അത് ഇന്ത്യയ്ക്ക് എളുപ്പമാവില്ല ഇന്ത്യയെ മേധാവിത്വം പുലർത്താൻ ഓസ്ട്രേലിയ അനുവദിക്കുകയില്ലെന്നും ഓസ്ട്രേലിയൻ ടീമിലുള്ള അത്രയും മികച്ച ബാറ്റ്സ്മാന്മാർ ഇന്ത്യയ്ക്കില്ലെന്നും 60 ന് മുകളിൽ ശരാശരിയുള്ള രണ്ട് താരങ്ങളെ ഇന്ത്യയിൽ കാണാനില്ലെന്നും മാർക്ക് വോ തിരിച്ചടിച്ചു.

എന്നാൽ ഇന്ത്യയിൽ 60 ന് മുകളിൽ ശരാശരിയുള്ള ഒരാളെ മാത്രമേ കാണാനുള്ളൂവെന്നായിരുന്നു ഡി കെയുടെ മറുപടി.

എന്തുതന്നെയായാലും ഇരുവരും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു. ആദ്യ ദിനത്തിലെ പ്രകടനം വെച്ചുനോക്കിയാൽ ദിനേശ് കാർത്തിക്കിൻ്റെ പ്രവചനം ശരിയാകുന്ന മട്ടാണ്. പക്ഷേ ഓസ്ട്രേലിയയുടെ തിരിച്ചുവരവിനുള്ള സാധ്യതയും തള്ളികളയാനാകില്ല.