Skip to content

ആ ആരോപണവും പാളി. വിവാദ ദൃശ്യങ്ങൾക്ക് പിന്നിലെ രഹസ്യം പുറത്ത്

നാഗ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിനിടെ രവീന്ദ്ര ജഡേജ ബോൾ ടാമ്പറിങ് നടത്തിയെന്ന ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണങ്ങൾ പാളി. ഇന്ത്യൻ ആരാധകർ തന്നെയാണ് ആ വിവാദ ദൃശ്യങ്ങൾക്ക് പിന്നിലെ രഹസ്യം തുറന്നുകാണിച്ചത്.

മത്സരത്തിനിടെ സിറാജിൻ്റെ കയ്യിൽ നിന്നും എന്തോ വാങ്ങുന്നതും പിന്നീട് രോഹിത് ശർമ്മയോട് സംസാരിക്കുന്നതിനിടെ ജഡേജ പന്തിലെന്തോ പുരട്ടുന്നതുമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഓസ്ട്രേലിയൻ മാധ്യമങ്ങൾ ആരോപണം ഉന്നയിച്ചത്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നും ഇത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ആ ദൃശ്യങ്ങൾക്ക് പിന്നിലെ രഹസ്യം പുറത്തായിരിക്കുകയാണ്. മൊഹമ്മദ് സിറാജിൽ നിന്നും ഓയിൻ്റ്‌മെൻ്റ് വാങ്ങികൊണ്ട് ജഡേജ തൻ്റെ വിരലിൽ പുരട്ടുന്നതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ദൃശ്യങ്ങൾ കൂടുതൽ പരിശോധിച്ചാൽ ജഡേജ ഇത് പുരട്ടുന്നത് തൻ്റെ വിരലിലാണെന്ന് മനസ്സിലാക്കാം.

ജഡേജ എന്താണ് കയ്യിൽ പുരട്ടുന്നതെന്നും ഇതിന് മുൻപ് ഇതൊന്നും കണ്ടിട്ടില്ലെന്നുമായിരുന്നു മൈക്കൽ വോൺ ട്വിറ്ററിൽ കുറിച്ചത്. എന്തായാലും മനപൂർവ്വമോ അല്ലെങ്കിൽ തെറ്റിദ്ധാരണ മൂലമോ ആരോപിച്ച ആരോപണങ്ങൾ പൊളിച്ചടുക്കിയിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.