Skip to content

ഓരോ ദിവസവും 12 മണിക്കൂറോളം ഞാൻ ബൗൾ ചെയ്തിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് രവീന്ദ്ര ജഡേജ

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. നാഗ്പൂരിൽ ജഡേജ തൻ്റെ മികവ് പുറത്തെടുത്തപ്പോൾ ഓസ്ട്രേലിയൻ ബാറ്റ്സ്ന്മാർ കളിക്കളത്തിൽ വെളളംകുടിച്ചു. ഇടവേളയിൽ താൻ വെറുതെ ഇരിക്കുകയല്ലായിരുന്നുവെന്നും കഠിന പ്രയത്നം നടത്തിയത് കൊണ്ടാണ് മികച്ച തിരിച്ചുവരവ് നടത്തുവാൻ സാധിച്ചതെന്നും ജഡേജ പറഞ്ഞു.

” ഇന്ന് ബൗൾ ചെയ്ത രീതിയിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ എൻ്റെ ബൗളിങ് ആസ്വദിക്കുകയായിരുന്നു. 5 മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് എളുപ്പമല്ല. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസിനൊപ്പം കഴിവിലും ഞാൻ പ്രയത്നിച്ചു. ഒരുപാട് കാലത്തിന് ശേഷം ഞാൻ ഫസ്റ്റ് ക്ലാസ്സ് മത്സരം കളിച്ചു. അതെനിക്ക് ആത്മവിശ്വാസം നൽകി. “

” ഈ പിച്ചിൽ ബൗൺസ് ഇല്ലായിരുന്നു. സ്റ്റമ്പ് ടൂ സ്റ്റമ്പ് പന്തെറിയാനാണ് ഞാൻ ശ്രമിച്ചത്. ചില പന്തുകൾ ടേൺ ചെയ്യും ചിലത് നേരെ പോവുകയും ചെയ്യും. “

” നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഞാൻ എൻ്റെ ബൗളിങിൽ കഠിനപ്രയത്നം നടത്തിയിരുന്നു. എല്ലാ ദിവസവും പത്തോ പന്ത്രണ്ടോ മണിക്കൂർ ഞാൻ ബൗൾ ചെയ്തിരുന്നു. ടെസ്റ്റ് മത്സരം കളിക്കേണ്ടി വരുമെന്നും ദീർഘ സ്പെല്ലുകൾ എറിയേണ്ടി വരുമെന്നും എനിക്ക് അറിയാമായിരുന്നു. ” ജഡേജ പറഞ്ഞു.

ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്കെതിരെ 22 ഓവറിൽ 47 റൺസ് വഴങ്ങി 5 വിക്കറ്റുകൾ ജഡേജ വീഴ്ത്തിയിരുന്നു. ജഡേജയുടെ പതിനൊന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.