പിച്ചിനെ കുറ്റം പറഞ്ഞവർ എവിടെയാണ് ? വിമർശകരുടെ വായടപ്പിച്ച് രവി ശാസ്ത്രി

മത്സരം ആരംഭിക്കുന്നതിന് മുൻപേ നാഗ്പൂരിലെ പിച്ചിനെതിരെ വിമർശനം ഉന്നയിച്ചവരെ മത്സരം തുടങ്ങിയ ശേഷം കാണുന്നില്ലയെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. പിച്ചിൽ ബാറ്റ്സ്മാന്മാർക്ക് യാതൊരു ആനുകൂല്യം ഇല്ലെന്നും ഇന്ത്യ പിച്ച് ഡോക്ടറിങ് നടത്തിയെന്നുമായിരുന്നു ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ ആരോപണം.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 177 റൺസ് നേടിയാണ് പുറത്തായത്. റൺസ് കണ്ടെത്തുക ദുഷ്കരമാണെന്ന് ഭൂരിഭാഗം പേരും കരുതിയപ്പോൾ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ മികച്ച രീതിയിൽ ബാറ്റ് വീശി. 24 ഓവറുകൾ എറിഞ്ഞ ഓസ്ട്രേലിയക്ക് ഒരേയൊരു വിക്കറ്റ് മാത്രമാണ് നേടുവാൻ സാധിച്ചത്. കെ എൽ രാഹുൽ 20 റൺസ് നേടി പുറത്തായപ്പോൾ മറുഭാഗത്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ അശ്വിനും 69 പന്തിൽ 56 റൺസ് നേടിയ ഹിറ്റ്മാനുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്.

” പിച്ചിനെ പറ്റിയുള്ള ചർച്ചകൾക്ക് എന്തുപറ്റി ? 24 മണിക്കൂർ മുൻപ് വിമർശനം ഉന്നയിച്ചിരുന്നല്ലോ ” കമൻ്ററിയിൽ രവി ശാസ്ത്രി പറഞ്ഞു.

മത്സരത്തിന് മുൻപും പിച്ചിനെതിരെ ഉയർന്ന വിമർശങ്ങൾക്കെതിരെ രവി ശാസ്ത്രി സംസാരിച്ചിരുന്നു. ഇന്ത്യയിൽ വരുമ്പോൾ മാത്രമാണ് അവർ പരാതികൾ ഉന്നയിക്കുന്നതെന്നും ഓസ്ട്രേലിയക്ക് പോകുമ്പോൾ ഇന്ത്യ ഒരിക്കൽ പോലും പിച്ചിനെ കുറിച്ച് ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലയെന്നും ആദ്യ ദിനം മുതൽ ടേൺ ചെയ്യുന്ന പിച്ചുകൾ തന്നെയാണ് ഒരുക്കേണ്ടതെന്നും നമ്മുടെ നാട്ടിൽ നമ്മുടെ ശക്തിയ്ക്കുള്ള പിച്ചുകൾ തന്നെയാണ് ഒരുക്കേണ്ടതെന്നും മുൻ ഇന്ത്യൻ ഹെഡ് കോച്ച് പറഞ്ഞിരുന്നു.