ഏകദിന ശൈലിയിൽ ബാറ്റ് വീശി ഹിറ്റ്മാൻ. നാഗ്പൂർ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ

നാഗ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം തന്ന കളി തങ്ങളുടെ വരുതിയിലാക്കി ആതിഥേയരായ ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയെ 177 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ മറുപടി ബാറ്റിങിൽ ഓസ്ട്രേലിയൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു.

ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് നേടിയിട്ടുണ്ട്. 69 പന്തിൽ 56 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും രവിചന്ദ്രൻ അശ്വിനുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്. 71 പന്തിൽ 20 റൺസ് നേടിയ കെ എൽ രാഹുലിൻ്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരൻ ടോഡ് മർഫിയാണ് കെ എൽ രാഹുലിൻ്റെ വിക്കറ്റ് നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി 22 ഓവറിൽ 47 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് തകർത്തത്. രവിചന്ദ്രൻ അശ്വിൻ 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഓസ്ട്രേലിയക്ക് വേണ്ടി മാർനസ് ലാബുഷെയ്ൻ 49 റൺസും സ്റ്റീവ് സ്മിത്ത് 37 റൺസും അലക്സ് കാരി 36 റൺസും പീറ്റർ ഹാൻഡ്സ്കോംബ് 31 റൺസും നേടി.