Skip to content

അപൂർവ്വ റെക്കോർഡ് കുറിച്ച് വിൻഡീസ് ഓപ്പണർമാർ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം

സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ചരിത്രറെക്കോർഡ് കുറിച്ച് വിൻഡീസ് ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്വെയ്‌റ്റും ടാഗനറൈൻ ചന്ദ്രപോളും. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു ബാറ്റിങ് ജോഡികൾക്കും സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡാണ് ഇരുവരും സ്വന്തമാക്കിയത്.

മത്സരത്തിൻ്റെ അഞ്ചാം ദിനമായ ഇന്നും ഒരുമിച്ച് ബാറ്റ് ചെയ്യുന്നതോടെയാണ് ഈ റെക്കോർഡ് ഇരുവരും സ്വന്തമാക്കിയത്. ഒരു ടെസ്റ്റ് മത്സരത്തിൽ അഞ്ച് ദിനവും ഒരുമിച്ച് ബാറ്റ് ചെയ്യുന്ന ബാറ്റിങ് ജോഡികളെന്ന അപൂർവ്വ റെക്കോർഡാണ് ഇരുവരും സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്സിൽ ആദ്യ മൂന്ന് ദിനവും ഇരുവരും ബാറ്റ് ചെയ്തിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ 336 റൺസ് ഇരുവരും കൂട്ടിച്ചേർത്തിരുന്നു. ബ്രാത്വെയ്റ്റ് സെഞ്ചുറി നേടിയപ്പോൾ ചന്ദ്രപോൾ ഡബിൾ സെഞ്ചുറി നേടി. പിന്നീട് നാലാം ദിനത്തിൽ ഫൈനൽ സെഷനിൽ സിംബാബ്‌വെ ഡിക്ലയർ ചെയ്തതോടെ നാലാം ദിനത്തിലും ബാറ്റ് ചെയ്യുവാൻ ഇരുവർക്കും സാധിച്ചു. നാലാം ദിനം അവസാനിച്ചപ്പോഴും നിലയുറപ്പിച്ച ഇരുവരും അഞ്ചാം ദിനത്തിലെ ആദ്യ സെഷനിലും ബാറ്റ് ചെയ്തു.

രണ്ടാം ഇന്നിങ്സിൽ ബ്രാത്വെയ്റ്റ് 25 റൺസും ടാഗനറൈൻ ചന്ദ്രപോൾ 15 റൺസും നേടി പുറത്തായി. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി ഡിക്ലയർ ചെയ്ത വിൻഡീസ് സിംബാബ്‌വെയ്ക്ക് മുൻപിൽ 272 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തി.