ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിനായി നാഗ്പൂരിൽ ഒരുക്കിയ പിച്ചിനെതിരായ ആരോപണങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് പിച്ചിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇന്ത്യ ചതിക്കുന്നുവെന്ന ആരോപണങ്ങൾ ഓസ്ട്രേലിയൻ മാധ്യമങ്ങളും ആരാധകരും ഉന്നയിച്ചത്.
വലംകയ്യൻ ബാറ്റ്സ്മാന്മാർക്ക് അനുകൂലമായും ഇടംകയ്യൻ ബാറ്റ്സ്മാന്മർക്ക് പ്രതികൂലവുമായ പിച്ചാണ് നാഗ്പൂരിൽ ഒരുക്കിയിരിക്കുന്നത്. ഓസ്ട്രേലിയൻ ടീമിൽ 6 പേരും ഇടംകയ്യൻ ബാറ്റ്സ്മാന്മാരാണ് അത് മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യ ഇത്തരത്തിൽ പിച്ച് ഒരുക്കിയിരിക്കുന്നതെന്നും ഇത് ചതിയാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
പിച്ചിനെ കുറിച്ച് വേവലാതി പെടാതെ ക്രിക്കറ്റിൽ ശ്രദ്ധിക്കൂവെന്നും അവിടെ കളിക്കുന്ന 22 പേരും മികച്ച കളിക്കാർ തന്നെയാണെന്നും പ്രസ്സ് കോൺഫ്രൻസിൽ ആരോപണങ്ങൾക്ക് മറുപടിയായി രോഹിത് ശർമ്മ പറഞ്ഞു.
പിച്ചിനെ കുറിച്ച് സംസാരിച്ച രോഹിത് ശർമ്മ ഈ പിച്ചിൽ സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും ചൂണ്ടികാട്ടി. സ്പിന്നിനെ നേരിടാൻ എല്ലാവരും വ്യത്യസ്ത മാർഗങ്ങൾ ഉണ്ടെന്നും ചിലർ സ്വീപ് ചെയ്യാൻ ഇഷ്ടപെടുന്നുവെന്നും ചിലർക്കിഷ്ടം റിവേഴ്സ് സ്വീപാണെന്നും സ്ട്രൈക്ക് കൈമാറുന്നത് പോലെ കൗണ്ടർ അറ്റാക്കിങും നടത്തേണ്ടതുണ്ടെന്നും രോഹിത് ശർമ്മ പറഞ്ഞു.

” ഈ പരമ്പരയിൽ നാല് ശക്തമായ മത്സരങ്ങൾ ഉണ്ട്. പരമ്പര വിജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതൊരു വെല്ലുവിളി നിറഞ്ഞ പരമ്പര തന്നെയായിരിക്കും. അതിനായി നിങ്ങൾ തയ്യാറെടുക്കണം. അതാണ് പ്രധാനം. മികച്ച തയ്യാറെടുപ്പ് ഉണ്ടെങ്കിൽ ഫലങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ” ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.