Skip to content

രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം

ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്‌വെയുടെ പുതിയ താരം ഗാരി ബാലൻസ്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ അപൂർവ്വ റെക്കോർഡ് ഈ താരം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്സിൽ സിംബാബ്‌വെയ്ക്ക് വേണ്ടി 231 പന്തിൽ പുറത്താകാതെ 137 റൺസ് ഗാരി ബാലൻസ് നേടിയിരുന്നു. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന അപൂർവ്വ റെക്കോർഡ് ഈ താരം സ്വന്തമാക്കി.

ഇതിന് മുൻപ് 2014 ൽ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഗാരി ബാലൻസ് 23 മത്സരങ്ങളിൽ നിന്നും 37.45 ശരാശരിയിൽ 4 സെഞ്ചുറിയും 7 ഫിഫ്റ്റിയും അടക്കം 1498 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഇംഗ്ലണ്ടിൽ നിന്നും തൻ്റെ ജന്മരാജ്യമായ സിംബാബ്വെയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനം ബാലൻസ് എടുത്തത്.

ഇതിന് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ കെപ്ലർ വേസൽസ് മാത്രമാണ് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി നേടിയിട്ടുള്ളത്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി രണ്ട് സെഞ്ചുറി നേടിയ അദ്ദേഹം ഓസ്ട്രേലിയക്ക് വേണ്ടി നാല് സെഞ്ചുറി നേടിയിരുന്നു.